ന്യൂദല്‍ഹി-ഗുജറാത്തില്‍ ബില്‍ക്കീസ് ബാനു ബലാത്സംഗ, കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ടവരെ നേരത്തെ മോചിപ്പിച്ചതു ചോദ്യം ചെയ്തുള്ള ഹരജികള്‍ ജസ്റ്റിസ് കെ.എം.ജോസഫും ജസറ്റിസ് ബി.വി. നാഗരരത്‌നയും ഉള്‍പ്പെട്ട ബെഞ്ച് കേള്‍ക്കാതിരിക്കാന്‍ കേസ് നീട്ടിക്കൊണ്ടുപോകാന്‍ ആസൂത്രിത നീക്കം. ജസ്റ്റിസ് കെ.എം. ജോസഫ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേസ് താന്‍ കേള്‍ക്കണ്ടതില്ലെന്ന് എതിര്‍കക്ഷികള്‍ വിചാരിക്കുന്നതു മനസ്സിലാകുമെന്നു ജസ്റ്റിസ് കെ.എം.ജോസഫ് പറഞ്ഞു. സാങ്കേതിക കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേസില്‍ വാദം കേള്‍ക്കുന്നതു നീട്ടിക്കൊണ്ടുപോകാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും ശിക്ഷ ഇളവു ചെയ്യപ്പെട്ട ചില പ്രതികളുടെ അഭിഭാഷകരും ശ്രമിച്ചപ്പോഴാണ് ജസ്റ്റിസ് ജോസഫിന്റെ വിമര്‍ശം.
ജൂണ്‍ 16ന് വിരമിക്കാനിരിക്കുന്ന താന്‍ കേസ് കേള്‍ക്കാതിരിക്കാനാണു നീക്കമെന്ന് അദ്ദേഹം പറഞ്ഞു. അവധിക്കാല സിറ്റിങ് നടത്തി ഹരജികളില്‍ വാദം പൂര്‍ത്തിയാക്കാമെന്നു ജസ്റ്റിസ് ജോസഫ് പറഞ്ഞെങ്കിലും എതിര്‍കക്ഷികള്‍ അനുകൂലിച്ചില്ല. ഇതു മര്യാദയല്ലെന്നു സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ജസ്റ്റിസ് ജോസഫ് പറഞ്ഞു. വാദം പൂര്‍ത്തിയാക്കുമെന്നു വ്യക്തമാക്കിയതാണ്. നിങ്ങള്‍ കോടതി ഓഫിസര്‍മാരാണെന്ന കാര്യം മറന്ന് പ്രവര്‍ത്തകരുത്- അദ്ദേഹം പറഞ്ഞു
കേസില്‍, ബില്‍ക്കീസ് ബാനു നല്‍കിയ പുതിയ സത്യവാങ്മൂലത്തില്‍ വാസ്തവവിരുദ്ധമായ കാര്യങ്ങളുണ്ടെന്നു ചൂണ്ടിക്കാട്ടിയും പുതിയ സത്യവാങ്മൂലം നല്‍കാന്‍ സമയം ആവശ്യപ്പെട്ടുമാണ് കക്ഷികള്‍ കൂടുതല്‍ സമയം തേടിയത്.
പ്രതികളെ നേരത്തെ മോചിപ്പിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരും ഗുജറാത്ത് സര്‍ക്കാരും കൂടുതല്‍ സമയം തേടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരജി ജൂലൈ രണ്ടാം വാരത്തിലേക്കു മാറ്റിയിരിക്കയാണ്.
അവസാനം വേദം കേട്ട ഏപ്രില്‍ 18ന് കേസില്‍ അന്തിമ തീര്‍പ്പ് കല്‍പിക്കുന്നതിന് മേയ് രണ്ട് വാദം ആരംഭിക്കാമെന്ന് ബെഞ്ച് സമ്മതിച്ചതായിരുന്നു. ബില്‍ക്കിസ് ബാനും കോടതിയെ കബളിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതികളുടെ അഭിഭാഷകരില്‍ ഒരാള്‍ ആരോപിച്ചതിനെ തുടര്‍ന്നാണ് എല്ലാം കീഴ്‌മേല്‍ മറിഞ്ഞത്. സ്ഥലത്തില്ലാത്ത രണ്ട് പ്രതികള്‍ നോട്ടിസ് സ്വീകരിക്കാന്‍ വിസമ്മതിച്ചുവെന്നാണ് ബില്‍ക്കിസ് സത്യവാങ്മൂലത്തില്‍ പറയുന്നതെന്ന് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
ജസ്റ്റിസ് ജോസഫും ജസ്റ്റിസ് നാഗരത്‌നുയം ഉള്‍പ്പെട്ട ബെഞ്ചാണ് ഏക പ്രതീക്ഷയെന്ന് ബില്‍ക്കിസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത പറഞ്ഞു.