Sorry, you need to enable JavaScript to visit this website.

രണ്ടു ദിവസം കൊണ്ട് നൂറു കോടി താണ്ടി പൊന്നിയിന്‍ സെല്‍വന്‍ 2 

ചെന്നൈ- വെള്ളിയാഴ്ച റിലീസ് ചെയ്ത സംവിധായകന്‍ മണിരത്‌നത്തിന്റെ സ്വപ്ന സാക്ഷാത്കാരമായ 'പൊന്നിയിന്‍ സെല്‍വന്‍' രണ്ടാം ഭാഗത്തിന് ലോകമെമ്പാടും സിനിമാ പ്രേമികളില്‍ നിന്നും ലഭിക്കുന്നത് വന്‍ സ്വീകരണം. ഒന്നാം ഭാഗമായ 'പി എസ് 1'നേക്കാള്‍ പ്രേക്ഷക പ്രീതി നേടി വിജയ കുതിപ്പ് നടത്തുകയാണ് 'പി എസ് 2'. ചിത്രം റിലീസ് ചെയ്ത് രണ്ടു ദിവസം കൊണ്ട് ആഗോള തലത്തില്‍ കളക്ഷനില്‍ നൂറു കോടി പിന്നിട്ട് പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കയാണ് പി എസ് 2. 

നോര്‍ത്ത് അമേരിക്കയില്‍ പ്രീമിയര്‍ ഷോ ഉള്‍പ്പെടെ രണ്ടു ദിവസത്തെ ഗ്രോസ് കളക്ഷന്‍ മാത്രം 2.5 മില്ല്യന്‍ ഡോളറിന് മുകളിലാണെന്ന് നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ ഔദ്യോഗികമായി വെളിപ്പെടുത്തി. ലോകത്താകമാനമായി രണ്ടു ദിവസത്തെ ഗ്രോസ്സ് കളക്ഷന്‍ 109.6 കോടിയാണ്. ഇതോടെ പി എസ് 2 നൂറു കോടി ക്ലബ്ബില്‍ ഇടം നേടിക്കഴിഞ്ഞു. ഇന്ത്യയില്‍ മാത്രം രണ്ടു ദിവസത്തെ കളക്ഷന്‍ 57.9 കോടിയാണ്. ഇതില്‍ തമിഴ്‌നാട്ടിലെ കളക്ഷന്‍ 36ല്‍ പരം കോടിയാണ്. 

കേരളത്തിലെ രണ്ടു ദിവസത്തെ ഗ്രോസ്സ് 5.5 കോടിയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതു വെച്ച് നോക്കുമ്പോള്‍ കേരള ബോക്‌സ് ഓഫീസില്‍ വിജയ് യുടെ വാരിസുവിന് ശേഷം ഈ വര്‍ഷത്തെ ബിഗ്ഗസ്റ്റ് ഓപ്പണിങ് മൂവി എന്ന ബഹുമതിക്ക് അര്‍ഹമാവുകയാണ് പി എസ് 2. വേനലവധി തുടങ്ങിയതോടെ ചിത്രം സര്‍വകാല റിക്കാര്‍ഡുകള്‍ ഭേദിക്കും എന്നാണു ബോക്‌സ് ഓഫീസ് നിരീക്ഷകരുടെ വിലയിരുത്തല്‍.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷ കൃഷ്ണ, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര, ജയറാം, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, പാര്‍ത്ഥിപന്‍, വിക്രം പ്രഭു, ബാബു ആന്റണി, ലാല്‍, റിയാസ് ഖാന്‍, കിഷോര്‍ അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍,മോഹന്‍ റാം, എന്നിവരാണ് പി എസ് 2ലെ പ്രധാന അഭിനേതാക്കള്‍.

റഫീക്ക് അഹമ്മദും എ ആര്‍ റഹ്മാനുമാണ് മലയാളം പി എസ് 2ന്റെ ഗാന ശില്പികള്‍. സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണനാണ് സംഭാഷണ രചയിതാവ്. രവി വര്‍മ്മന്‍ ഛായഗ്രഹണവും തോട്ടാധരണി കലാ സംവിധാനവും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചിരിക്കുന്നു. പി. ആര്‍. ഒ: സി. കെ. അജയ് കുമാര്‍.

കെ. സുഭാസ്‌ക്കരന്റെ ലൈക്കാ പ്രൊഡക്ഷന്‍സും മണിരത്‌നത്തിന്റെ മെഡ്രാസ് ടാക്കീസും സംയുക്തമായാണ് പൊന്നിയിന്‍ സെല്‍വന്‍ നിര്‍മിച്ചത്. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ പിഎസ്2 റിലീസ് ചെയ്തിരിക്കുന്നത്.
 

Latest News