കൊച്ചി-കോടി ക്ലബില്‍ ഇടം പിടിച്ചുവെന്ന് പോസ്റ്റര്‍ ഇറക്കി പരാജയപ്പെട്ട സിനിമകള്‍ വരെ വിജയിച്ചുവെന്ന് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് നിര്‍മാതാവും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റുമായ എം രഞ്ജിത്. താരങ്ങളുടെ പ്രതിഫലത്തിലേക്ക് വരുമ്പോള്‍ നിര്‍മാതാക്കള്‍ പോലും ഈ ഇല്ലാത്ത വിജയങ്ങളില്‍ തെറ്റിദ്ധരിക്കപ്പെടുന്നുണ്ടെന്നും രഞ്ജിത് പറയുന്നു.
10 ലക്ഷം രൂപ പോലും തികച്ച് കലക്ട് ചെയ്യാത്ത സിനിമകളില്‍ അഭിനയിക്കുന്ന ആളുകള്‍ വരെ ഒരു കോടി രൂപയെല്ലാമാണ് ചോദിക്കുന്നത്. പല സിനിമകളും വിജയിച്ചെന്ന് മാര്‍ക്കര്‍ ചെയ്താണ് ഇതെല്ലാം ചെയ്യുന്നത്. സത്യം പറയുകയാണെങ്കില്‍ എല്ലാ തിയേറ്ററിനരികിലും ഒരു ബേക്കറി തുടങ്ങുന്നത് നല്ലതാണ്. പരാജയപ്പെട്ട സിനിമകള്‍ക്ക് പോലും കേക്ക് മുറിക്കുന്ന കാലമാണ്.
നിര്‍മാതാക്കളും വിതരണക്കാരും ജിഎസ്ടി വന്ന ശേഷം കലക്ഷന്റെ ഇന്‍വോയ്സാണ് കൊടുക്കുന്നത്. എല്ലാ നിര്‍മാതാക്കളും വിതരണക്കാരും ആ ഇന്‍വോയ്സ് നല്‍കണമെന്ന് പറഞ്ഞിട്ടുണ്ട്. 3 മാസം കൂടുമ്പോള്‍ സിനിമയുടെ യഥാര്‍ഥ കലക്ഷന്‍ സംബന്ധിച്ച് ധവളപത്രം ഇറക്കും. കൊട്ടിഘോഷിക്കുന്ന പല സിനിമകളുടെയും കലക്ഷന്‍ 30 ലക്ഷമോ 10 ലക്ഷമോ ആണെന്ന് ആളുകള്‍ അറിയട്ടെ മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ രഞ്ജിത്ത് വ്യക്തമാക്കി.