ലഖ്‌നൗ- യുവതിയുമായുള്ള പ്രണയത്തെ എതിര്‍ത്തതിന് കാമുകിയുടെ പിതാവിന്റെ ഫോണ്‍ മോഷ്ടിച്ച് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി മുഴക്കിയ യുവാവ് അറസ്റ്റില്‍. യോഗിയെ വധിക്കുമെന്ന് ഫോണില്‍ ഭീഷണി മുഴക്കിയ അമീന്‍ എന്ന യുവാവാണ് അറസ്റ്റിലായത്. പ്രണയം എതിര്‍ത്തതിന്റെ വിദ്വേഷത്തിലാണ് കാമുകിയുടെ പിതാവായ സജ്ജാദ് ഹുസൈന്റെ ഫോണ്‍ മോഷ്ടിച്ച് ഭീഷണി സന്ദേശമയച്ചതെന്ന് അമീന്‍ പോലീസിനോട് സമ്മതിച്ചു. ഫോണ്‍ മോഷ്ടിച്ചതിനും ഭീഷണി സന്ദേശമയച്ചതിനും ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കും.
112 നമ്പറിലേക്ക് ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലായത്.
കോള്‍ വന്ന ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഫോണിന്റെ ഉടമയെ കണ്ടെത്തിയപ്പോള്‍ രണ്ട് ദിവസം മുമ്പ് തന്റെ ഫോണ്‍ മോഷണം പോയെന്നാണ് ഉടമ പോലീസിനോട് പറഞ്ഞത്. തുടര്‍ന്ന് അയല്‍വാസികളാണ് കാമുകിയുടെ പിതാവിനെ കള്ളക്കേസില്‍ കുടുക്കാന്‍ അമീന്‍ പദ്ധതിയിട്ടിരുന്നതായി പോലീസിന് സൂചന നല്‍കിയത്.