Sorry, you need to enable JavaScript to visit this website.

അമ്മയെ നോക്കാന്‍ കഴിയുന്നില്ല, വൃദ്ധ മാതാവിനെ കൊന്ന് കുഴിച്ചിട്ട മകന്‍ അറസ്റ്റില്‍

ഹൈദരാബാദ്- തെലങ്കാനയില്‍ അമ്മയെ കൊന്ന് കുഴിച്ചിട്ട മകന്‍ അറസ്റ്റില്‍. തെലങ്കാനയിലെ കാമറെഡ്ഢി ജില്ലയിലാണ് സംഭവം. 80 കാരി ഇ. ബാലവ്വയെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകന്‍ ചിന്ന ബാലയ്യയാണ് അറസ്റ്റിലായത്. ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
അമ്മയെ കാണാനില്ലെന്ന് സദാശിവ നഗറിലെ അയല്‍വാസികളോട് എതാനും ദിവസം മുമ്പ് ചിന്ന ബാലയ്യ പറഞ്ഞിരുന്നു. അമ്മ ഉപയോഗിച്ചിരുന്ന മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലാണെന്നും ഇയാള്‍ പറഞ്ഞു. സംശയം തോന്നിയ ജനപ്രതിനിധിയായ മണ്ഡല്‍ പരിഷത്ത് അംഗം ബീലയ്യ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസില്‍ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തുവന്നത്.
അമ്മയെ നോക്കാന്‍ കഴിയുന്നില്ലെന്നും ബാധ്യതയായി മാറിയെന്നുമാണ്  കുറ്റം സമ്മതിച്ച ബാലയ്യ പോലീസിനോട് പറഞ്ഞത്. വായില്‍ തുണിക്കഷ്ണം തിരുകിയും ശ്വാസംമുട്ടിച്ചും ഏപ്രില്‍ 13 നാണ് അമ്മയെ കൊലപ്പെടുത്തിയത്. പിന്നീട് മൃതദേഹം ഒരു റൈസ് മില്ലിനു പിറകില്‍ ആളില്ലാത്ത സ്ഥലത്ത് കുഴിച്ചിട്ടു. മൃതദേഹം പുറത്തെടുത്ത പോലീസ് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. പ്രതിയെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാമന്‍ പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News