Sorry, you need to enable JavaScript to visit this website.

ആതിഖ് കൊലയാളികളുടെ ചരിത്രം; സംഘത്തിൽ ബജ്റംഗ് ദൾ നേതാവും

ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, മോഹിത് എന്ന സണ്ണി

ലഖ്‌നൗ- മുന്‍ എം.പി ആതിഖ് അഹമ്മദിനേയും സഹോദരന്‍ അശ്‌റഫിനേയും പച്ചക്ക് വെടിവെച്ചുകൊന്ന അക്രമികളെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസും മാധ്യമ പ്രവര്‍ത്തകരും.
ആതിഖ്-അശ്‌റഫ് സഹോദരങ്ങളെ മെഡിക്കല്‍ പരിശോധനയ്ക്കായി പോലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടെയാണ് ശനിയാഴ്ച വെടിവെച്ച് കൊലപ്പെടുത്തിയത്. തങ്ങള്‍ ധീരമായ ആക്രമണം നടത്തിയെന്നാണ് കൊലയാളികളായ യുവാക്കള്‍ പോലീസിനോട് പറഞ്ഞത്. കുറ്റകൃത്യങ്ങളുടെ ലോകത്ത് പേരെടുക്കാനാണ് ആഗ്രഹമെന്നും യുവാക്കള്‍ പറഞ്ഞു.
കൊലയാളികളില്‍ ലവ്‌ലേഷ് തിവാരി മയക്കുമരുന്നിന് അടിമയാണ്. ഇയാളുടെ രണ്ട് സഹോദരന്മാര്‍ ഇപ്പോള്‍ പൂജാരിമാരാണ്. കുട്ടിയായിരുന്നപ്പോള്‍ വീട്ടില്‍ നിന്ന് ഓടിപ്പോയ  ലവ്‌ലേഷ് തിവാരിക്ക് ഇപ്പോള്‍ 22 വയസ്സുണ്ട്. ഇയാൾ ബജ്റംഗ് ദൾ പ്രവർത്തകനാണെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ടിൽ പറയുന്നു.
ബന്ദയിലെ ലവ്‌ലേഷ് തിവാരി (22), ഹമീര്‍പൂരിലെ മോഹിത് എന്ന സണ്ണി (23), കാസ്ഗഞ്ചിലെ അരുണ്‍ മൗര്യ (18) എന്നിവരെയാണ് ആതിഖ് അഹമ്മദ് സഹോദരന്മാര്‍ക്കൊപ്പമുണ്ടായിരുന്ന പോലീസ് അറസ്റ്റ് ചെയ്തത്.
വെടിവെപ്പില്‍ കൊലയാളി തിവാരിക്ക് പരിക്കേറ്റിരുന്നു. തിവാരിയുടെ കുടുംബം തെമ്മാടിയായ മകനില്‍ നിന്ന് വ്യത്യസ്തമാണെന്ന്  ഒരു ബന്ദ സ്വദേശി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിവാരിയെ മയക്കുമരുന്നിന് അടിമയെന്നാണ് വിശേഷിപ്പിച്ചത്.
അവന്റെ കുടുംബം ഞങ്ങളുടെ അയല്‍വാസികളാണ്. വളരെ ലളിതമായ ജീവിതം നയിക്കുന്ന കുടുംബം. തിവാരിയുടെ രണ്ട് സഹോദരന്മാര്‍ പുരോഹിതന്മാരാണ്. ഒരാള്‍ ഇപ്പോഴും പഠിക്കുന്നു. ലവ്‌ലേഷ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയും നിരവധി തവണ ജയിലില്‍ പോകുകയും ചെയ്തിട്ടുണ്ട്. പൂവാല ശല്യത്തിനും കേസില്‍ കുടുങ്ങി ജയിലില്‍ പോയി. അധോലോകത്ത് വലിയ പേരെടുക്കണമെന്് ഇയാള്‍ പറയാറുണ്ടായിരുന്നുവെന്നും അയല്‍ക്കാരന്‍ അവകാശപ്പെട്ടു.
സഹോദരന്‍  എങ്ങനെ കുറ്റകൃത്യത്തില്‍ അകപ്പെട്ടുവെന്ന് അറിയില്ലെന്നാണ് പിടിയിലായ സണ്ണി എന്ന മോഹിതിന്റെ
സഹോദരന്‍ പിന്റു പറയുന്നത്. സഹോദരന് ഒരു പണിയും ഉണ്ടായിരുന്നില്ല. അങ്ങോട്ടും ഇങ്ങോട്ടും കറങ്ങിനടന്നു. അദ്ദേഹത്തിനെതിരെ ചില കേസുകളുണ്ടെന്നറിയാം. പക്ഷേ വിശദാംശങ്ങള്‍ അറിയില്ല. പിന്റു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.  
ഞങ്ങള്‍ മൂന്ന് സഹോദരന്മാരായിരുന്നു, അതില്‍ ഒരാള്‍ നേരത്തെ മരിച്ചു. സണ്ണി എങ്ങനെയാണ് കുറ്റകൃത്യത്തില്‍ അകപ്പെട്ടതെന്ന് അറിയില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്ന് ഒളിച്ചോടിയാണ്. കഴിഞ്ഞ ദിവസം എന്താണ് സംഭവിച്ചതെന്നതിന് ഒരു സൂചനയും ഇല്ല- പിന്റു  പറഞ്ഞു. സണ്ണി 10 വര്‍ഷമായി ഈ പ്രദേശത്ത് താമസിക്കുന്നില്ലെന്ന് പ്രദേശവാസികളും പറയുന്നു.
ഇയാള്‍ കുരാരയിലെ താമസക്കാരനായിരുന്നു, ചെറുപ്പത്തില്‍ സാധാരണക്കാരനായിരുന്നു. ഒരു വഴക്കിനെ തുടര്‍ന്ന് ജയിലില്‍ പോയ ശേഷമാണ് പാടേ മാറിയത്.  കുറച്ച് ക്രിമിനല്‍ സംഭവങ്ങള്‍ക്ക് ശേഷമാണ്  കൂരാര വിട്ടത്. ഒരു വര്‍ഷത്തോളം ഹാമിര്‍പൂര്‍ ജയിലിലായിരുന്നു. കൊലപാതകശ്രമം, കവര്‍ച്ച, മയക്കുമരുന്ന് നിയമം, ആയുധ നിയമം എന്നിവ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ 14 കേസുകള്‍ സണ്ണിക്കെതിരെ ഉണ്ടെന്ന് കുരാര എസ്എച്ച്ഒ പവന്‍ കുമാര്‍ പട്ടേല്‍ പിടിഐയോട് പറഞ്ഞു.
ആദ്യ കേസ് 2016 ലായിരുന്നു. 2016 ലായിരുന്നു പ്രയാഗ്‌രാജ് വെടിവെപ്പിനു മുമ്പുള്ള  കേസ്.
മറ്റൊരു പ്രതിയായ അരുണ്‍ മൗര്യയാണ് കൊലയാളിയെന്ന് വിശ്വസിക്കാനാകാതെ കാസ്ഗഞ്ച് സ്വദേശികള്‍ അമ്പരന്നു. അരുണിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ല. രണ്ട് സഹോദരന്മാര്‍ ദഹിയില്‍ സ്‌ക്രാപ്പ് ബിസിനസിലാണ്. അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൗര്യ എന്താണ് ചെയ്തിരുന്നതെന്നും എവിടെയാണ് താമസിച്ചിരുന്നതെന്നും ഗ്രാമത്തിലുള്ള ആര്‍ക്കും അറിയില്ല. പത്ത് വര്‍ഷം മുമ്പാണ് ഇയാള്‍ ഗ്രാമം വിട്ടുപോയത്.
കൊലപാതകം, കൊലപാതകശ്രമം, ആയുധ നിയമപ്രകാരം മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് രണ്ട് തോക്കുകള്‍ കണ്ടെടുത്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News