കയ്‌റോ- മുപ്പതിനായിരം വര്‍ഷം മുമ്പ് മറവുചെയ്ത പുരാതന ഈജിപ്തുകാരന്റേതായി നിര്‍മിച്ച മുഖം വിവാദത്തില്‍. നസ്‌ലെത് ഖാതര്‍ അസ്ഥികൂടത്തിന്റെ മുഖം പുനര്‍നിര്‍മ്മിക്കാന്‍ നടത്തിയ ഗവേഷണത്തിന്റെ വിശ്വാസ്യതചോദ്യം ചെയ്ത് ഈജിപ്ഷ്യന്‍ ടൂറിസം, പുരാവസ്തു മന്ത്രാലയം രംഗത്തുവന്നു. 30,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ച പുരാതന ഈജിപ്തുകാരന്റെ മുഖം അടുത്തിടെയാണ് ശാസ്ത്രജ്ഞര്‍ പുനര്‍നിര്‍മ്മിച്ചത്. ഇതിന് ആധാരമാക്കിയ അസ്ഥികൂടം നിലവില്‍ കയ്‌റോയിലെ നാഷണല്‍ മ്യൂസിയത്തിലാണുള്ളത്. ഈ അസ്ഥികൂടത്തിന്റെ മുഖം പുനര്‍നിര്‍മിക്കാന്‍ ബ്രസീലില്‍ നിന്നുള്ള ഗവേഷകര്‍ നടത്തിയ പഠനങ്ങളെയാണ് മന്ത്രാലയം ചോദ്യം ചെയ്യുന്നത്.
അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ട ശാസ്ത്രീയവും നിയമപരവുമായ നടപടികള്‍ ബ്രസീലിയന്‍ ഗവേഷകര്‍ സ്വീകരിച്ചിട്ടില്ലെന്ന് മ്യൂസിയം അധികൃതര്‍ കുറ്റപ്പെടുത്തി.
അസ്ഥികൂടത്തിന്റെ ശരീരഘടനാപരമായ അളവുകള്‍ പഠിക്കുന്നതിനായി രണ്ട് ഗവേഷകരും മ്യൂസിയം അതോറിറ്റി മുമ്പാകെ അപേക്ഷ സമര്‍പ്പിച്ചിട്ടില്ല. അസ്ഥികൂടത്തിന്റെ ശരീരഘടനാപരമായ അളവുകള്‍ എവിടെനിന്നാണ് ലഭിച്ചതെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടുമില്ല. ഇത് ഗവേഷണ ഫലങ്ങളേയും ശരീരഘടനയുടെ അനുപാതത്തിന് അനുസൃതമായി മുഖം പുനര്‍രൂപകല്‍പ്പന ചെയ്യുന്ന പ്രക്രിയയുടേയും വിശ്വാസ്യത തകര്‍ത്തുവെന്ന് പ്രസ്താവനയില്‍ പറയുന്നു. അസ്ഥികൂടത്തിന്റെ ശരീരഘടനാപരമായ അളവുകളെ അടിസ്ഥാനമാക്കാത്തതിനാല്‍ ഇത് ശാസ്ത്രീയ ഗവേഷണത്തിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നും മ്യൂസിയം അധികൃതര്‍ പറഞ്ഞു.
1980 ലാണ് തെക്കന്‍ ഈജിപ്തിലെ സോഹാഗ് ഗവര്‍ണറേറ്റിലെ നസ്‌ലെത് ഖാതര്‍ ഗ്രാമത്തിന് സമീപം അസ്ഥികൂടം കണ്ടെത്തിയത്. ഏകദേശം 34,000 വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ അസ്ഥികൂടം ഈജിപ്തില്‍ പ്രവര്‍ത്തിക്കുന്ന ബെല്‍ജിയം മിഷനാണ് ഖനനത്തിനിടെ കണ്ടെത്തിയിരുന്നത്. അവശിഷ്ടങ്ങള്‍ പൂര്‍ണ്ണമായ അസ്ഥികൂടമായി കൂട്ടിച്ചേര്‍ക്കാനായി പിന്നീട് ബെല്‍ജിയത്തിലേക്ക് കൊണ്ടുപോയി. അവശിഷ്ടങ്ങളില്‍ നടത്തിയ പഠനങ്ങള്‍ നിരവധി വസ്തുതകളാണ് വെളിപ്പെടുത്തിയത്. അവശിഷ്ടങ്ങള്‍ കണ്ടെത്തിയ സ്ഥലത്തെ പരാമര്‍ശിച്ചാണ് ശാസ്ത്രജ്ഞര്‍ അസ്ഥികൂടത്തിന് നസ് ലെത് ഖാതര്‍ മാന്‍ എന്ന് പേരിട്ടത്. ഈജിപ്തിലെ അറിയപ്പെടുന്ന രണ്ടാമത്തെ ഏറ്റവും പഴക്കമുള്ള അസ്ഥികൂടമായതിനാല്‍ ഇതില്‍ പ്രാദേശികമായും അന്തര്‍ദേശീയമായും വളരെയധികം ശാസ്ത്രീയ താല്‍പര്യം പ്രകടമായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)