ഹൈദരാബാദ്- കാലു മാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ ലൈസന്‍സ് തെലങ്കാന സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ഇടതുകാലിനു പകരം ആരോഗ്യമുള്ള വലതു കാലിന് ശസ്ത്രക്രിയ നടത്തിയ ഹൈദരാബാദിലെ സ്വകാര്യ അസ്ഥിരോഗ വിദഗ്ധന്‍ കരണ്‍ എം.പാട്ടീലിന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. അബദ്ധം മനസ്സിലാക്കിയ ശേഷമാണ് രോഗിയുടെ ഇടതു കാലിലും ശസ്ത്രക്രിയ നടത്തിയത്. ജില്ലാ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടറുടെ ഭാഗത്തുണ്ടായ തെറ്റ് സ്ഥിരീകരിക്കുകയായിരുന്നു. ആറു മാസത്തേക്ക് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് കൗണ്‍സില്‍ ചെയര്‍മാന്‍ വി.രാജലിംഗമാണ് പുറപ്പെടുവിച്ചത്.
ഡെംഗി പനി ബാധിച്ചയാളെ മെച്ചപ്പെട്ട സൗകര്യമുള്ള ആശുപത്രയില്‍ മാറ്റിയില്ലെന്ന പരാതിയില്‍ മറ്റൊരു സ്വകാര്യ ഡോക്ടറായ സി.എച്ച് ശ്രീകാന്തിന്റെ ലൈസന്‍സ് മൂന്നു മാസത്തേക്കും സസ്‌പെന്‍ഡ് ചെയ്തു. കൂടുതല്‍ സൗകര്യമുള്ള ആശുപത്രിയിലേക്ക് യഥാസമയം മാറ്റാത്തതിനാലാണ് രോഗി മരിച്ചതെന്ന് ബന്ധുക്കള്‍ ജില്ല കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.
ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കൗണ്‍സില്‍ അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. ഡോക്ടര്‍മാര്‍ക്ക് 60 ദിവസത്തിനുള്ളില്‍ അപ്പീല്‍ നല്‍കാം.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)