ബീഹാര്‍ ശരീഫ്- ബിഹാറില്‍ നളന്ദ ജില്ലയിലെ ബീഹാര്‍ ശരീഫില്‍ അക്രമികള്‍ കത്തിച്ചത് ഒരു നൂറ്റാണ്ട് മുമ്പ് സ്ഥാപിതമായ മദ്രസ. പട്ടണത്തില്‍ മരാര്‍പുര്‍ പ്രദേശത്താണ് മദ്രസ അസീസിയ സ്ഥിതി ചെയ്യുന്നത്.
രാമനവമി ആഘോഷ വേളയില്‍ ആയിരത്തോളം ആളുകളാണ് ആയുധങ്ങളും പെട്രോള്‍ ബോംബുകളുമായെത്തി മദ്രസ കത്തിച്ചതെന്ന് പ്രദേശവാസികള്‍ പറയുന്നു. ചരിത്ര രേഖകളും അമൂല്യ കൈയെഴുത്ത് പ്രതികളും ഉണ്ടായിരുന്ന ലൈബ്രറയിയും കത്തിച്ചു. അയ്യായിരത്തോളം ഗ്രന്ഥങ്ങളാണ് ലൈബ്രറയിലുണ്ടായിരുന്നത്. ജയ് ശ്രീറാം വിളിച്ചുകൊണ്ടാണ് അക്രമികളെത്തിയതെന്ന് മദ്രസയുടെ സെക്യൂരിറ്റി ജീവനക്കാരനായ മോഹന്‍ ബഹാദുര്‍ പറഞ്ഞു. ജാഥ വരുന്നത് ശ്രദ്ധയില്‍ പെട്ട താന്‍ ഗെയിറ്റ് അടക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ കല്ലെറിഞ്ഞ് ഓടിച്ച ശേഷമാണ് യെഗിറ്റ് തകര്‍ത്തതെന്ന് അദ്ദേഹം പറഞ്ഞു.നേപ്പാളിയെന്ന് വിളിച്ച് അധിക്ഷേപിച്ച സംഘം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
മദ്രസ ആക്രമിക്കപ്പെടുമ്പോള്‍ താന്‍ വീട്ടില്‍ നോമ്പ് മുറിക്കാന്‍ പോയിരിക്കയായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ മുഹമ്മദ് ശാക്കിര്‍ ഖാസിമി പറഞ്ഞു. വിശുദ്ധ ഖുര്‍ആന്‍ കോപ്പികളും ഹദിസ് ഗ്രന്ഥങ്ങളും 100 വര്‍ഷം പഴക്കമുള്ള ഇസ്ലാമിക ഗ്രന്ഥങ്ങളുടെ കൈയെഴുത്ത് പ്രതികളും കത്തിച്ചാമ്പലായതായി അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)