വാഷിംഗ്ടണ്‍- നാല്‍പത് വര്‍ഷത്തിനിടെ 105 സ്ത്രീകളെ വിവാഹം ചെയ്ത അമേരിക്കയിലെ തട്ടിപ്പുവീരന് ലോക റെക്കോഡ് സ്വന്തം. 1949നും 1981നും ഇടയിലാണ് വിവാഹമോചനം നേടാതെ ഇയാള്‍ 105 സ്ത്രീകളെ വിവാഹം കഴിച്ചത്. ഓരോ തവണയും ജിയോവാനി വിഗ്ലിയോട്ടോ പ്രണയം അഭിനയിച്ച് സ്ത്രീയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയാണ് ചെയ്തിരുന്നത്. വിവാഹശേഷം സ്ത്രീയുടെ വീട്ടുസാധനങ്ങളടക്കം തട്ടിയെടുത്ത ശേഷം രക്ഷപ്പെടും.
ഗിന്നസ് വേള്‍ഡ് റെക്കോഡ് അനുസരിച്ച് ജിയോവാനി വിഗ്ലിയോട്ടോ എന്നത് ഇയാളുടെ യഥാര്‍ത്ഥ പേരല്ല. പിടിക്കപ്പെടുന്നതിന് മുമ്പ് തന്റെ അവസാന ഭാര്യയുമായി ഇടപെടാന്‍ ഉപയോഗിച്ച പേരാണിത്. 50 പേരുകളാണ് ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചത്. 1983ല്‍ ജിയോവാനി വിഗ്ലിയോട്ടോയ്ക്ക് 34 വര്‍ഷത്തെ തടവും 336,000 ഡോളര്‍ പിഴയും ചുമത്തി.
യുഎസിലെ 27 സ്റ്റേറ്റുകളില്‍നിന്നും 14 രാജ്യങ്ങളില്‍നിന്നുമായാണ് ജിയോവാനി 105 സ്ത്രീകളെ വിവാഹം ചെയ്തത്. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന ചന്തയില്‍ വെച്ചാണ് ഇയാള്‍ സ്ത്രീകളെ കണ്ടെത്തിയിരുന്നത്. ആദ്യ കൂടിക്കാഴ്ചയില്‍തന്നെ പ്രണയം അഭിനയിക്കുകയും പിന്നീട് യഥാര്‍ത്ഥ വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് കല്യാണത്തിന് ഏര്‍പ്പാടാക്കുകയും ചെയ്യും.
വിവാഹശേഷം ഭാര്യയോട് സാധനങ്ങളെല്ലാം പാക്ക് ചെയ്ത് തന്നോടൊപ്പം വരാന്‍ ആവശ്യപ്പെടുകയായിരുന്നു രീതി. ഇതിനു ശേഷം ഒരു ട്രക്കില്‍ സ്ത്രീയുടെ സാധനങ്ങളുമായി രക്ഷപ്പെടുകയും തന്റെ അടുത്ത ഇരയെ തേടുകയും ചെയ്യും.
തട്ടിപ്പുകാരന്‍ സാധനങ്ങള്‍ പിന്നീട് പഴയ സാധനങ്ങള്‍ വില്‍ക്കുന്ന മാര്‍ക്കറ്റുകളില്‍ വില്‍ക്കുകയാണ് ചെയ്തിരുന്നത്. സ്ത്രീകള്‍ പരാതി നല്‍കിയിരുന്നെങ്കിലും അറസ്റ്റില്‍നിന്ന് വളരെക്കാലം ഒഴിഞ്ഞുമാറിയ ഇയാളെ അവസാനത്തെ ഭാര്യ ഷാരോണ്‍ ക്ലാര്‍ക്കാണ് കുടുക്കിയത്. 1981 ഡിസംബര്‍ 28നാണ് പോലീസിനേയും കൂട്ടി പോയി അറസ്റ്റ് ചെയ്തത്.
1983ല്‍ വിചാരണക്കിടെ ജിയോവാനി വിഗ്ലിയോട്ടോ തന്റെ യഥാര്‍ത്ഥ പേര് നിക്കോളായ് പെറുസ്‌കോവ് എന്നാണെന്ന് അവകാശപ്പെട്ടു. ഇരകളെ കബളിപ്പിക്കുമ്പോള്‍ താന്‍ ഉപയോഗിച്ച 50 അപരനാമങ്ങളും തന്റെ 105 ഭാര്യമാരുടെ പേരുകളും അവരുടെ വിലാസങ്ങളും ഇയാള്‍ വെളിപ്പെടുത്തി. താന്‍ ഒരിക്കലും ആരേയും വഞ്ചിച്ചിട്ടില്ലെന്നാണ് വിഗ്ലിയോട്ടോ കോടതിയില്‍ അവകാശപ്പെട്ടത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)