ന്യൂദൽഹി - സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം ഇന്ത്യയിലെ വിവിധ കേന്ദ്രങ്ങളില്‍ കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി നടപ്പാക്കുന്നത് തുടരുന്നു. ന്യൂദല്‍ഹിയില്‍ അബുല്‍കലാം ആസാദ് സെന്ററിനു കീഴിലെ അബൂബക്കര്‍ സിദ്ദീഖ് മസ്ജിദില്‍ ദിവസേന ആയിരത്തിലേറെ പേര്‍ക്ക് ഇഫ്താര്‍ വിതരണം ചെയ്യുന്നു. റമദാനില്‍ 30,000 പേര്‍ക്ക് ഇവിടെ ഇഫ്താര്‍ വിതരണം ചെയ്യുന്നു. കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതിയുടെ ഭാഗമായി ന്യൂദല്‍ഹി അഹ്‌ലെ ഹദീസ് ആസ്ഥാനത്തും കഴിഞ്ഞ ദിവസം സമൂഹ ഇഫ്താര്‍ സംഘടിപ്പിച്ചു. ആയിരത്തിലേറെ പേര്‍ ഇഫ്താറില്‍ പങ്കെടുത്തു. കേരളത്തിലടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ മുസ്‌ലിം സ്ഥാപനങ്ങളിലും കേന്ദ്രങ്ങളിലും കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ വര്‍ഷം ലോകത്തെ നാല്‍പതു രാജ്യങ്ങളില്‍ സൗദി ഇസ്‌ലാമികകാര്യ മന്ത്രാലയം കിംഗ് സല്‍മാന്‍ ഇഫ്താര്‍ പദ്ധതി നടപ്പാക്കുന്നുണ്ട്.
ഇന്ത്യയില്‍ ഇസ്‌ലാമിക് സെന്ററുകളിലും മസ്ജിദുകളിലും മറ്റും വിതരണം ചെയ്യാന്‍ സല്‍മാന്‍ രാജാവിന്റെ ഉപഹാരമെന്നോണം 92,000 കോപ്പി മുസ്ഹഫുകളും ഇസ്‌ലാമികകാര്യ മന്ത്രാലയം കൈമാറി. മദീന കിംഗ് ഫഹദ് മുസ്ഹഫ് പ്രിന്റിംഗ് കോംപ്ലക്‌സില്‍ അച്ചടിച്ച വ്യത്യസ്ത വലിപ്പങ്ങളിലുള്ള മുസ്ഹഫ് കോപ്പികളും വിവിധ ഭാഷകളിലുള്ള ഖുര്‍ആന്‍ വിവര്‍ത്തനങ്ങളുമാണ് കൈമാറിയത്. ന്യൂദല്‍ഹിയില്‍ ഓള്‍ ഇന്ത്യ അഹ്‌ലെ ഹദീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ന്യൂദല്‍ഹി സൗദി എംബസി മതകാര്യ അറ്റാഷെ ശൈഖ് ബദ്ര്‍ അല്‍ബുജൈദി, ഇസ്‌ലാമികകാര്യ മന്ത്രാലയ വക്താവ് അബ്ദുല്ല അല്‍അനസി, ഓള്‍ ഇന്ത്യ അഹ്‌ലെ ഹദീസ് നേതാവ് അസ്ഗര്‍ അലി ഇമാം എന്നിവര്‍ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു.