ന്യൂദല്‍ഹി- കോണ്‍ഗ്രസ് എം.പി രജനി പാട്ടീലിന്റെ സസ്‌പെന്‍ഷന്‍ നിലവിലെ സമ്മേളനത്തിനു ശേഷവും നീട്ടിയതായി ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗ്ദീപ് ധന്‍ഖര്‍ സഭയെ അറിയിച്ചു. പ്രിവിലേജസ് കമ്മിറ്റിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അന്തിമ തീരുമാനമെടുക്കും.നടപടിക്രമങ്ങളുടെയും പാര്‍ലമെന്ററി പാരമ്പര്യങ്ങളുടെയും നഗ്‌നമായ ലംഘനമാണിതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ജഗ്ദീപ് ധന്‍ഖറിന്റെ തീരുമാനത്തെ വിശേഷിപ്പിച്ചു.
ഫെബ്രുവരി 10ന് ബി.ജെ.പി എം.പി ജി.വി.എല്‍ നരസിംഹ റാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ശ്രീമതി പാട്ടീലിനെ സസ്‌പെന്‍ഡ് ചെയ്തത്. പാട്ടീല്‍ തന്റെ ഫോണ്‍ ഉപയോഗിച്ച് സഭാ നടപടികളുടെ വീഡിയോ ചിത്രീകരിച്ചുവെന്നായിരുന്നു റാവുവിന്റെ ആരോപണം.
13 പ്രതിപക്ഷ പാര്‍ട്ടികളുടെ സഭാ നേതാക്കള്‍ രജനി പാട്ടീലിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച കാര്യം ചെയര്‍മാനുള്ള കത്തില്‍ ഖാര്‍ഗെ ഓര്‍മിപ്പിച്ചു. പ്രതിപക്ഷത്തിന്റെ കൂട്ടായ അഭ്യര്‍ത്ഥനാണ് ചെയര്‍മാന്‍ അവഗണിച്ചത്.
സസ്‌പെന്‍ഷന്‍ സമ്മേളനത്തിന്റെ ശേഷിക്കുന്ന സമയത്തിനപ്പുറം കവിയരുതെന്നും അങ്ങനെ ചെയ്യുന്നത് ചട്ടങ്ങളുടെയും പാര്‍ലമെന്ററി പാരമ്പര്യങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അര്‍പ്പണബോധമുള്ള വനിതാ അംഗത്തോടുള്ള കടുത്ത അപമാനമാണിതെന്നും അദ്ദേഹം വിശേഷിപ്പിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)