ന്യൂദല്‍ഹി- വിചാരണ തടവുകാരടക്കം 8437 ഇന്ത്യക്കാര്‍ വിദേശ ജയിലുകളിലുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയില്‍ വെളിപ്പെടുത്തി. 1966 ഇന്ത്യന്‍ തടവുകാരുള്ള യു.എ.ഇയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള സൗദി അറേബ്യയിലെ ജയിലുകളില്‍ 1362 ഇന്ത്യക്കാരാണുള്ളത്. 1222 തടവുകാരുമായി നേപ്പാളാണ് മൂന്നാം സ്ഥാനത്ത്.
മന്ത്രാലയത്തിന് ലഭ്യമായ വിവരമനുസരിച്ച് വിദേശ ജയിലുകളില്‍ വിചാരണ നേരിടുന്ന ഇന്ത്യന്‍ തടവുകാരുടെ എണ്ണം 8,437 ആണ്. പല രാജ്യങ്ങളിലും നിലവിലുള്ള ശക്തമായ സ്വകാര്യതാ നിയമങ്ങള്‍ കാരണം വിവരങ്ങള്‍ വെളിപ്പെടുത്തുന്നതിന് ബന്ധപ്പെട്ട വ്യക്തി സമ്മതം നല്‍കിയില്ലെങ്കില്‍ തടവുകാരെക്കുറിച്ചുള്ള വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിടില്ല. വിവരങ്ങള്‍ പങ്കിടുന്ന രാജ്യങ്ങള്‍ പോലും തടവിലാക്കപ്പെട്ട വിദേശ പൗരന്മാരെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ പൊതുവെ നല്‍കുന്നില്ല.
31 രാജ്യങ്ങളുമായി ഇന്ത്യ തടവുകാരെ മാറ്റുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും വിദേശ രാജ്യങ്ങളില്‍ തടവിലാക്കപ്പെട്ട ഇന്ത്യന്‍ തടവുകാരെ അവരുടെ ശേഷിക്കുന്ന ശിക്ഷ അനുഭവിക്കുന്നതിനായി ഇന്ത്യയിലേക്കും തിരിച്ചും 31 രാജ്യങ്ങളുമായി മാറ്റാമെന്നും മന്ത്രി മറുപടിയില്‍ അറിയിച്ചു. ഓസ്‌ട്രേലിയ, ബഹ്‌റൈന്‍, ബംഗ്ലാദേശ്, ബോസ്‌നിയ, ഹെര്‍സഗോവിന, ബ്രസീല്‍, ബള്‍ഗേറിയ, കംബോഡിയ, ഈജിപ്ത്, എസ്‌തോണിയ, ഫ്രാന്‍സ്, ഹോങ്കോങ്, ഇറാന്‍, ഇസ്രായില്‍, ഇറ്റലി, കസാക്കിസ്ഥാന്‍, കൊറിയ, കുവൈത്ത്, മാലിദ്വീപ്, മൗറീഷ്യസ്, മംഗോളിയ, ഖത്തര്‍, റഷ്യ, സൗദി അറേബ്യ, സൊമാലിയ, സ്‌പെയിന്‍, ശ്രീലങ്ക, തായ്‌ലന്‍ഡ്, തുര്‍ക്കി, യുഎഇ, യുണൈറ്റഡ് കിംഗ്ഡം, വിയറ്റ്‌നാം എന്നീ രാജ്യങ്ങളാണ് ശിക്ഷാവിധിയുള്ളവരെ കൈമാറുന്നതിനുള്ള കരാറില്‍ ഇന്ത്യ ഒപ്പുവച്ചത്.