ലോസ്ഏഞ്ചല്‍സ്- ട്വിറ്ററിന്റെ ലോഗോ ആയിരുന്ന നീലക്കിളിയ്ക്ക് പകരം നായയുടെ മുഖമാക്കി സി ഇ ഒ ഇലോണ്‍ മസ്‌ക്. ഡോഗികോയിന്‍ ക്രിപ്റ്റോകറന്‍സിയുടെ 'ഡോഗി' മീം ആണ് പുതിയ ലോഗോ ആക്കിയിരിക്കുന്നത്. ട്വിറ്ററിന്റെ ഡെസ്‌ക് ടോപ്പ് വേര്‍ഷനിലാണ് പുതിയ മാറ്റം വരുത്തിയിരിക്കുന്നത്.
2013ല്‍ തമാശയായി നിര്‍മിച്ച ക്രിപ്റ്റോകറന്‍സിയായ ഡോഗികോയിനെ മസ്‌ക് പിന്തുണച്ചിരുന്നു. പേയ്മെന്റായി ടെസ്ല ഡോഗികോയിന്‍ സ്വീകരിക്കുമെന്ന് മുന്‍പ് മസ്‌ക് പറഞ്ഞിട്ടുണ്ട്. ഇതിന്റെ ലോഗോ ആയ 'ഷിബാ ഇനു' എന്ന നായയാണ് ഇപ്പോള്‍ ട്വിറ്ററിന്റെ ലോഗോ ആയിരിക്കുന്നത്. എന്തുകൊണ്ട് ലോഗോ മാറ്റിയെന്ന് ഉപഭോക്താക്കളുടെ ചോദ്യത്തിന് തമാശരൂപേണയുള്ള ഉത്തരവും മസ്‌ക് നല്‍കിയിരിക്കുകയാണ്.
കഴിഞ്ഞവര്‍ഷം ഒരു ട്വിറ്റര്‍ ഉപഭോക്താവിനോട് നടത്തിയ സംഭാഷണവും മസ്‌ക് പങ്കുവച്ചു. 'ട്വിറ്റര്‍ പൊതുയിടമായി പ്രവര്‍ത്തിക്കുന്നു. എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യ തത്വങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ജനാധിപത്യത്തെ അടിസ്ഥാനപരമായി ദുര്‍ബലപ്പെടുത്തുകയാണ്. എന്താണ് ചെയ്യേണ്ടത്?' എന്ന മസ്‌കിന്റെ ചോദ്യത്തിന് ഡബ്‌ള്യു എസ് ബി ചെയര്‍മാന്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ മസ്‌ക് പങ്കുവച്ചിരിക്കുന്നത്. ട്വിറ്റര്‍ വാങ്ങിയിട്ട് ലോഗോ നായയുടേതാക്കി മാറ്റൂവെന്നായിരുന്നു ഉപഭോക്താവിന്റെ മറുപടി. വാഗ്ദാനം നല്‍കിയത് പാലിച്ചിരിക്കുന്നുവെന്ന് പറഞ്ഞാണ് പഴയ സംഭാഷണം മസ്‌ക് ട്വീറ്റ് ചെയ്തത്. ഇതേ ഉപഭോക്താവ് മസ്‌കുമായുള്ള പഴയ സംഭാഷണവും തുടര്‍ന്നുള്ള ലോഗോ മാറ്റവും പങ്കുവച്ചിട്ടുണ്ട്. ഏറ്റവും രസകരമായ മറുപടി എന്നായിരുന്നു ഡബ്‌ള്യു എസ് ബി ചെയര്‍മാന്‍ എന്ന ഉപഭോക്താവ് പുതിയ മാറ്റം പങ്കുവച്ച് പ്രതികരിച്ചത്.