ജിദ്ദ- സൗദിയില്‍ വിസിറ്റ് വിസയുടെ കാലാവധി തീരുകയാണെന്ന കാര്യം ഗൗരവത്തിലെടുക്കാതെ പരീക്ഷ അവസാനിക്കാന്‍ കാത്തിരുന്ന മലയാളി കുടുംബം കുടുങ്ങി. ഭാര്യക്കും രണ്ട് മക്കള്‍ക്കുമായി 45,000 റിയാല്‍ ഫൈനടക്കാനാണ് തബൂക്കിലെ മലയാളി യുവാവ് നിര്‍ബന്ധിതനായിരിക്കുന്നത്. പിഴ തുക അടച്ചശേഷം ഫാമിലിയോടൊപ്പം യുവാവിനും തര്‍ഹീല്‍ വഴി നാട്ടിലേക്ക് മടങ്ങേണ്ടിവരും. മൂന്ന് വര്‍ഷം സൗദിയിലേക്ക് മടങ്ങാനാവില്ലെന്ന വിലക്ക് ബാധകമാകുകയും ചെയ്യും.
വിസിറ്റ് വിസ കാലാവധി കഴിയുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ഔദാര്യമോ ആനുകൂല്യമോ പ്രതീക്ഷിക്കേണ്ടെന്നും വിസിറ്റ് വിസയില്‍ കൊണ്ടുവരുന്നവരെ യഥാസമയം തിരിച്ചയച്ച് നടപടികളില്‍നിന്ന് ഒഴിവാകണമെന്നും ഈ പ്രശ്‌നത്തില്‍ ഇടപെട്ട തബൂക്കിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഉണ്ണി മുണ്ടുപറമ്പ് നിര്‍ദേശിക്കുന്നു.
ഇതും വായിക്കുക
സൗദിയില്‍ വിസിറ്റ് വിസ കാലാവധി ലംഘിച്ചാല്‍ സ്‌പോണ്‍സറും നാടുവിടേണ്ടിവരും
അപ്രതീക്ഷിത പ്രതിസന്ധിയിലായ മലയാളി ജവാസാത്തിലും തര്‍ഹീലിലും മാറി മാറി പോയതല്ലാതെ ഒരു പരിഹാരവും ഉണ്ടായിട്ടില്ലെന്ന് ഉണ്ണി പറഞ്ഞു. സിംഗിള്‍ എന്‍ട്രി വിസയായാലും മൂന്നു മാസം പുതുക്കിയ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയായാലും കാലാവധി പരിശോധിച്ച് ഉറപ്പിക്കുകയും യഥാസമയം മടക്കി അയക്കുകയും ചെയ്യുന്നതാണ് നാടുകടത്തലില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗമെന്ന് അദ്ദേഹം പറഞ്ഞു.
വിസിറ്റ് വിസ ചട്ടലംഘനം ആദ്യതവണ ആയതിനാലാണ് 15,000 റിയാല്‍ ഫൈന്‍. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴത്തുക 50,000 റിയാല്‍ വരെ ഉയരും.
വിസിറ്റ് വിസയിലെത്തിയവരെ പിഴയടച്ച് തര്‍ഹീല്‍ വഴി നാട്ടിലയച്ചാല്‍ മതിയെന്ന ഇളവ് ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വിസ എടുത്ത സ്‌പോണ്‍സറേയും നാടുകടത്തുമെന്ന കര്‍ശന നിലപാടാണ് ജവാസാത്ത് സ്വീകരിച്ചിരിക്കുന്നത്. സൗദിയുടെ പലഭാഗങ്ങളിലും ഇത്തരത്തില്‍ കുടുങ്ങിയവര്‍ മാര്‍ഗം കാണാതെ വലയുകയാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)