അങ്കാറ- തുര്‍ക്കിയില്‍ ആയിരങ്ങളുടെ മരണത്തിനിടക്കിയ ഭൂചലനത്തില്‍ 128 മണിക്കൂറിനുശേഷം രക്ഷപ്പെടുത്തിയ മൂന്ന് മാസം പ്രായമായ കുഞ്ഞിന് മാതാവിനെ കിട്ടി. മരിച്ചെന്ന് കരുതിയ മാതാവിനെയാണ് കഴിഞ്ഞ ദിവസം കുഞ്ഞിനെ ഏല്‍പിച്ചത്.
ഫെബ്രുവരി ആറിന് തുര്‍ക്കിയില്‍ ഭൂചലനമുണ്ടായി അഞ്ച് ദിവസങ്ങള്‍ക്ക് ശേഷം ഹതായ് മേഖലയിലാണ് കുഞ്ഞിനെ കണ്ടെത്തി രക്ഷപ്പെടുത്തിയത്. വെറ്റിന്‍ ബെഗ്ദാസ് എന്ന കുഞ്ഞിനെ തുര്‍ക്കി ഭാഷയില്‍ ഗിസെം എന്നാണ് വിളിച്ചത്. വിസ്മയമെന്ന് അര്‍ഥം. തുടര്‍ന്ന് പെണ്‍കുട്ടിയെ തുര്‍ക്കി തലസ്ഥാനമായ അങ്കാറയിലെ സ്ഥാപനത്തിലേക്ക് മാറ്റി.
കുടുംബ, സാമൂഹിക സേവന മന്ത്രി ദേര്യ യാനികാണ് കുഞ്ഞിനെ മാതാവ് യാസ്മിന്‍ ബെഗ്ദാസിന് കൈമാറിയത്. അദാന പ്രവിശ്യയില്‍ കുട്ടിക്ക് വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും തുര്‍ക്കി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഡിഎന്‍എ പരിശോധനയിലൂടെയാണ് കുഞ്ഞിനെയും മാതാവിനേയും വീണ്ടും ഒന്നിപ്പിച്ചത്. 50,000ത്തിലധികം ആളുകളുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തില്‍ കുഞ്ഞിന്റെ പിതാവും രണ്ട് സഹോദരങ്ങളും കൊല്ലപ്പെട്ടിരുന്നു. അത്ഭുതകരമായാണ് കുഞ്ഞ് രക്ഷപ്പെട്ടത്.
കുഞ്ഞ് ശരിക്കും അത്ഭുതമാണെന്നും ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലായിരുന്നുവെന്നും മന്ത്രി യാനിക് പറഞ്ഞു. അവള്‍ ഇപ്പോള്‍ ഞങ്ങളുടെ കുഞ്ഞാണ്. മന്ത്രാലയത്തിന്റെ പിന്തുണ എപ്പോഴും ഉണ്ടാകുമെന്നും അവര്‍ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)