ഗുരുഗ്രാം- ഹരിയാനയിലെ ഗുരുഗ്രാമില്‍ സംഘ്പരിവാര്‍ സംഘടന പ്രകോപന മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയും വാളുകള്‍ വീശിയും ഘോഷയാത്ര നടത്തി. അനുവാദമില്ലാതെയാണ് ഘോഷയാത്ര നടത്തിയതെന്നും ക്രമസമാധാനം തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും പോലീസ് പറഞ്ഞു.
പങ്കെടുത്തവര്‍ അത്യന്തം പ്രകോപനപരമായ മത മുദ്രാവാക്യങ്ങളാണ് വിളിച്ചത്. സംഘ്പരിവാര്‍ സംഘടനയുടെ നേതാക്കളും പ്രവര്‍ത്തകരും ബുള്‍ഡോസറില്‍ കയറിയാണ് വാളുകള്‍ വീശിക്കൊണ്ട് അനുവാദമില്ലാതെ ഘോഷയാത്ര നടത്തിയതെന്ന് ഗുരുഗ്രാം പോലീസ് പറഞ്ഞു.
ഘോഷയാത്ര സദര്‍ ബസാറില്‍ എത്തിയപ്പോള്‍ പങ്കെടുത്തവരില്‍ ഏതാനും പേര്‍ 'ജയ് ശ്രീറാം' ഉള്‍പ്പെടെയുള്ള മത മുദ്രാവാക്യങ്ങള്‍ വിളിക്കുകയും വാളുകള്‍ വീശുകയും ചെയ്തു.
ജാഥയില്‍ പങ്കെടുത്തവര്‍ സെക്ടര്‍ അഞ്ചിലെ ടിക്കോണ പാര്‍ക്കില്‍ ഇരിക്കുകയായിരുന്ന യുവാവിനെയും യുവതിയെയും മര്‍ദിക്കുകയും ഓടിക്കുകയും ചെയ്തുവെന്നും പോലീസ് പറഞ്ഞു.
ഘോഷയാത്രയ്ക്ക് അനുമതി തേടി സംഘ്പരിവാര്‍ സംഘടന മാര്‍ച്ച് 28 ന് ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കിയതായി പോലീസ് പറഞ്ഞു. യാത്രയുടെ റൂട്ട് ജില്ലാ മജിസ്‌ട്രേറ്റാണ് തീരുമാനിക്കാറുള്ളത്. ഇവര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല.
അനുമതിയില്ലാതെ തന്നെ നഗരത്തില്‍ ജാഥ നടത്തിയവര്‍ മതപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുകയും വാളുകള്‍ വീശുകയും ഗതാഗതം തടസ്സപ്പെടുത്തുകയും യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
മാരകായുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനെതിരായ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)