ഹസാരിബാഗ്- ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ രാമനവമി ആഘോഷത്തിനിടെ വാളുകളും വടികളും ഉപയോഗിച്ചുള്ള അഭ്യാസത്തിനിടെ 700 ഓളം പേര്‍ക്ക് പരിക്കേറ്റതായി പോലീസ്.
വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ ആരംഭിച്ച രാമനവമി ആഘോഷങ്ങള്‍ ശനിയാഴ്ച രാത്രിയാണ് സമാപിച്ചത്. കനത്ത മഴ പെയ്തിട്ടും ബോഡോം ബസാറില്‍ നടന്ന ആഘോഷത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ആഘോഷത്തിനിടെ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ക്രമസമാധാനപാലനത്തിനായി വന്‍ സുരക്ഷാ സന്നാഹത്തെ വിന്യസിച്ചിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു.
പരമ്പരാഗത ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അഭ്യാസത്തിനിടെയാണ് 700 ഓളം പേര്‍ക്ക് നിസാര പരിക്കേറ്റത്. ഇവരില്‍ ഭൂരിഭാഗവും ക്യാമ്പില്‍ ചികിത്സയിലായിരുന്നു. പലരെയും വിവിധ ആശുപത്രികളിലേക്ക് മാറ്റിയതായി എച്ച്എംസിഎച്ച് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കിഴക്കന്‍ സിംഗ്ഭൂമില്‍, ആഘോഷവേളയില്‍ ഉച്ചത്തിലുള്ള സംഗീതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രതിഷേധ പരിപാടികളും നടന്നു. രാമനവമി റാലികള്‍ നടത്താന്‍ കഴിയാതിരുന്ന ജംഷഡ്പൂരിലെ 27 അഖാര കമ്മറ്റികള്‍ പ്രതിഷേധിച്ചു.
ജംഷഡ്പൂരില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള ഹല്‍ദിപോഖറില്‍ ചില സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ സമാധാനപരമായി കടന്നുപോയി.
പൊട്കയിലെ സര്‍ക്കിള്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്യണമെന്നും രാമനവമി ഘോഷയാത്രയ്ക്കിടെ കല്ലേറില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റ സംഭവത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)