Sorry, you need to enable JavaScript to visit this website.

തന്റെ പ്രതിഛായ തകര്‍ക്കാന്‍ കരാര്‍ നല്‍കി, വിദേശത്തും സഹായം-മോഡി

ഭോപ്പാല്‍- തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ ചിലര്‍ നിരന്തരം ശ്രമിക്കുകയാണെന്നും രാജ്യത്തിനകത്തും  പുറത്തുമുള്ളവരുടെ സഹായം ഇതിനു ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഭോപ്പാല്‍-ദല്‍ഹി വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിന്‍ ഫ് ളാഗ് ഓഫ് ചെയ്ത ശേഷം റാണി കമലാപതി റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയാണ് മോഡിയുടെ പരോക്ഷ വിമര്‍ശം.
രാഹുലിനെ ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കിയതില്‍ ജര്‍മന്‍ വിദേശകാര്യ വക്താവ് പ്രതികരിച്ചതിലും യു.കെയില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തിലും കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ പോര് തുടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
''2014 മുതല്‍ നമ്മുടെ രാജ്യത്ത് ചിലരുണ്ട്. പരസ്യമായി സംസാരിക്കുകയും മോഡിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്ത ചിലര്‍. ഇതിനായി അവര്‍ വിവിധ ആളുകള്‍ക്ക് കരാര്‍ നല്‍കിയിട്ടുണ്ട്. ഇവരെ പിന്തുണയ്ക്കാന്‍ ചിലര്‍ രാജ്യത്തിനകത്തും പുറത്തും പ്രവര്‍ത്തിക്കുന്നു. ഈ ആളുകള്‍ തുടര്‍ച്ചയായി മോഡിയുടെ പ്രതിച്ഛായ നശിപ്പിക്കാനും കളങ്കപ്പെടുത്താനും ശ്രമിക്കുന്നു. എന്നാല്‍ ഇന്ത്യയിലെ ദരിദ്രരും ഇടത്തരക്കാരും ആദിവാസികളും ദലിതരും പിന്നോക്കക്കാരും ഉള്‍പ്പെടെ ഓരോ ഇന്ത്യക്കാരനും മോഡിയുടെ സുരക്ഷാ കവചമായി മാറിയിരിക്കുന്നു. ഇത് അവരെ രോഷാകുലരാക്കുകയും പുതിയ തന്ത്രങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്തു''-അദ്ദേഹം പറഞ്ഞു.
അവരുടെ ഗൂഢാലോചനകള്‍ക്കിടയില്‍, ഓരോ രാജ്യക്കാരനും രാജ്യത്തിന്റെ വികസനത്തിലും രാഷ്ട്ര നിര്‍മാണത്തിലും ശ്രദ്ധ ചെലുത്തണം. മുന്‍ സര്‍ക്കാരുകള്‍ വോട്ട് ബാങ്ക് പ്രീണനത്തിന്റെ തിരക്കിലായിരുന്നു. എന്നാല്‍ എന്റെ സര്‍ക്കാര്‍ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന തിരക്കിലാണ്. മുന്‍ സര്‍ക്കാരുകള്‍ ഒരു കുടുംബത്തെ രാജ്യത്തെ പ്രഥമ കുടുംബമായി കണക്കാക്കി. പാവപ്പെട്ടവരെയും ഇടത്തരക്കാരെയും അവര്‍ അവഗണിച്ചു-  കോണ്‍ഗ്രസിന്റെ പേര് പരാമര്‍ശിക്കാതെ പ്രധാനമന്ത്രി പറഞ്ഞു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News