റിയാദ് - ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ നിയമ ലംഘകരെ സൗദിയില്‍ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാര്‍ച്ച് 23 മുതല്‍ 29 വരെയുള്ള ദിവസങ്ങളില്‍ 10,809 നിയമ ലംഘകരെയാണ് നാടുകടത്തിയത്. ഇക്കാലയളവില്‍ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 16,407 നിയമ ലംഘകര്‍ പിടിയിലായി. ഇക്കൂട്ടത്തില്‍ 9,609 പേര്‍ ഇഖാമ നിയമ ലംഘകരും 4,561 പേര്‍ നുഴഞ്ഞുകയറ്റക്കാരും 2,237 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.
ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 1,086 പേരും അറസ്റ്റിലായി. ഇതില്‍ 22 ശതമാനം പേര്‍ യെമനികളും 74 ശതമാനം പേര്‍ എത്യോപ്യക്കാരും ആറു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്. അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 64 പേരെ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തു. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ അഞ്ചു പേരും അറസ്റ്റിലായി.
വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്ന 14,327 നിയമ ലംഘകര്‍ക്കെതിരെ നിലവില്‍ നടപടികള്‍ സ്വീകരിക്കുന്നു. ഇക്കൂട്ടത്തില്‍ 1,773 പേര്‍ വനിതകളും 12,554 പേര്‍ പുരുഷന്മാരുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 6,251 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നു. 1,487 പേര്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നതായും ആഭ്യന്തര മന്ത്രാലയം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)