ലണ്ടന്‍- ഉക്രൈനില്‍ റഷ്യ ആരംഭിച്ച യുദ്ധം 400 ദിവസം കടന്നിരിക്കെ, റഷ്യന്‍ സേനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ലൈംഗിക ആരോപണം. പുരുഷ ഉദ്യോഗസ്ഥര്‍ സ്ത്രീകളെ ലൈംഗിക അടിമകളാക്കുകയാണെന്നും വിസമ്മതിക്കുന്നവര്‍ ഭയാനകമായ പീഡനത്തിനിരയാകുകയാണെന്നും റേഡിയോ ഫ്രീ യൂറോപ്പ്/റേഡിയോ ലിബര്‍ട്ടി എന്ന സ്വതന്ത്ര മാധ്യമ സ്ഥാപനം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സൈന്യത്തില്‍ സേവനമനുഷ്ടിച്ച മാര്‍ഗരിറ്റയുമായി നടത്തിയ അഭിമുഖത്തിലാണ് അമ്പരപ്പിക്കുന്ന ആരോപണങ്ങള്‍.
റഷ്യ-ഉക്രൈന്‍ യുദ്ധത്തില്‍ ഇതിനകം ആയിരങ്ങള്‍ മരിച്ചു. അവസാനിക്കാത്ത പോരാട്ടത്തില്‍ നിരവധി നഗരങ്ങളാണ് തകര്‍ന്നത്. പതിനായിരങ്ങള്‍ ഭവനരഹിതരായി.
ഉക്രൈനെതിരെ യുദ്ധം ചെയ്യാന്‍ റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്ന സ്ത്രീകളെയാണ് ലൈംഗിക അടിമകളായി ഉപയോഗിക്കുന്നത്. റഷ്യന്‍ സായുധ സേനയില്‍ ചേര്‍ന്ന സ്ത്രീകളെ ഫീല്‍ഡ് ഭാര്യമാരാകാനാണ് നിര്‍ബന്ധിക്കുന്നതെന്ന് മാര്‍ഗരിറ്റ ആരോപിക്കുന്നു. പാചകം, വൃത്തിയാക്കല്‍ എന്നിവക്കു പുറമെ, പുരുഷ ഉദ്യോഗസ്ഥര്‍ക്ക് ആനന്ദം നല്‍കാനും വനിതാ അംഗങ്ങള്‍ നിര്‍ബന്ധിതരാണ്.
വിസമ്മതിക്കുന്നവര്‍ അധിക്ഷേപത്തിനും ശിക്ഷയ്ക്കും വിധേയരാകുമെന്ന് അവര്‍ പറയുന്നു. കേണലിനൊപ്പം ഉറങ്ങാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് വനത്തില്‍ കിടന്നുറങ്ങേണ്ടിവന്നുവെന്ന് അവര്‍ പറഞ്ഞു.
ദുരുപയോഗത്തിന്റെയും ചൂഷണത്തിന്റെയും നിരവധി സംഭവങ്ങളാണ് മാര്‍ഗരിറ്റ ഉദ്ധരിക്കുന്നത്. മദ്യപിച്ച സമയത്ത് ഒരു ഉദ്യോഗസ്ഥന്‍ വെടിവച്ചതിനെത്തുടര്‍ന്ന് ഒരു സ്ത്രീക്ക് സ്ഥിരമായി അംഗവൈകല്യം സംഭവിച്ചു.
പീഡനത്തെ തുടര്‍ന്ന് സൈനിക സേവനം ഉപേക്ഷിച്ച മഗരിറ്റ ഇപ്പോള്‍ വീട്ടിലാണ്. വീട്ടില്‍ തിരിച്ചെത്തിയതിന് ശേഷം കഴിഞ്ഞ രണ്ട് മാസമായി സൈക്കോളജിസ്റ്റിനെ കാണുന്നു. താന്‍ ഇപ്പോഴും ആഘാതത്തില്‍നിന്ന് മുക്തയായിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഉക്രേനിയന്‍ വനതികള്‍ക്കുനേരെ റഷ്യന്‍ സൈനികര്‍ ലൈംഗികാതിക്രമം നടത്തിയ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)