Sorry, you need to enable JavaScript to visit this website.

വ്യാജ ജ്യൂസ് നിര്‍മാണം: സൗദിയില്‍ മൂന്നു പേര്‍ക്ക് ശിക്ഷ

റിയാദ് - ഉറവിടമറിയാത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ച് ജ്യൂസുകള്‍ നിര്‍മിച്ച കേസില്‍ അല്‍ഖര്‍ജില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപന ഉടമയായ സൗദി പൗരനും സ്ഥാപനത്തിലെ ജീവനക്കാരായ ഫലസ്തീനിയെയും സുഡാനിയെയും റിയാദ് ക്രിമിനല്‍ കോടതി ശിക്ഷിച്ചു. അല്‍ഖര്‍ജിലെ അല്‍മര്‍വ ഡിസ്ട്രിക്ടില്‍ പലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ചിരുന്ന ജ്യൂസ് നിര്‍മാണ കേന്ദ്രം സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് വാണിജ്യ മന്ത്രാലയ സംഘം കണ്ടെത്തുകയായിരുന്നു. ഉറവിടമറിയാത്ത അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിച്ചാണ് സ്ഥാപനത്തില്‍ വ്യാജ ജ്യൂസുകള്‍ നിര്‍മിച്ചിരുന്നത്. പ്രാഥമികാന്വേഷണം പൂര്‍ത്തിയാക്കിയ വാണിജ്യ മന്ത്രാലയം നിയമ ലംഘകര്‍ക്കെതിരായ കേസ് പിന്നീട് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു.
സ്ഥാപന ഉടമയായ സൗദി പൗരന്‍ നാസിര്‍ ബിന്‍ അമ്മാശ് ബിന്‍ ഈദ് അല്‍സഖീലിനും ജീവനക്കാരായ ഫലസ്തീനി സഹാദ് അക്‌റം അബ്ദുസ്സാലിം ദാവൂദിനും സുഡാനി യൂസുഫ് അല്‍ഇമാം ആദമിനും കോടതി പിഴ ചുമത്തി. സ്ഥാപനം ആറു മാസത്തേക്ക് അടപ്പിക്കാനും സ്ഥാപനത്തില്‍ കണ്ടെത്തിയ വ്യാജ ജ്യൂസുകളും അസംസ്‌കൃത വസ്തുക്കളും മറ്റും നശിപ്പിക്കാനും വിധിയുണ്ട്. സുഡാനിയെയും ഫലസ്തീനിയെയും സൗദിയില്‍ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ഇരുവര്‍ക്കും കോടതി ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. നിയമ ലംഘകരുടെ പേരുവിവരങ്ങളും ഇവര്‍ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും മൂവരുടെയും ചെലവില്‍ രണ്ടു പത്രങ്ങളില്‍ പരസ്യപ്പെടുത്താനും കോടതി ഉത്തരവിട്ടു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News