സ്റ്റോക്ക്‌ഹോം- ഷെന്‍ഗെന്‍ വിസ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കാനും വിസ സ്റ്റിക്കറിന് പകരം ഡിജിറ്റല്‍ വിസ നല്‍കാനുമുള്ള യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളുടെ നിര്‍ദ്ദേശം പരിഗണിച്ചുവരികയാണെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ അറിയിച്ചു.
അപേക്ഷകര്‍ക്കുള്ള സൗകര്യത്തിനുപുറമെ, മൊത്തത്തിലുള്ള കാര്യക്ഷമത വര്‍ധിപ്പിക്കാനും മേഖലക്കുള്ളിലെ സുരക്ഷ മെച്ചപ്പെടുത്താനും ഷെംഗെന്‍ വിസകള്‍ക്കായുള്ള അപേക്ഷാ പ്രക്രിയ ഡിജിറ്റലൈസ് ചെയ്യുന്നത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഡിജിറ്റല്‍ ഷെംഗെന്‍ വിസ നിയമാനുസൃത യാത്രക്കാരുടെ അപേക്ഷ എളുപ്പമാക്കുകയും ഷെംഗെന്‍ പ്രദേശം സുരക്ഷിതമാക്കാന്‍ സഹായിക്കുകയും ചെയ്യുമെന്ന് സ്വീഡിഷ് മൈഗ്രേഷന്‍ മന്ത്രി മരിയ മാല്‍മര്‍ സ്‌റ്റെന്‍ഗാര്‍ഡ് പറഞ്ഞു. അപേക്ഷകര്‍ക്ക് കോണ്‍സുലേറ്റുകളിലേക്ക് ആവര്‍ത്തിച്ച് പോകേണ്ടി വരില്ലെന്ന് അവര്‍ പറഞ്ഞു.
വിസ സ്റ്റിക്കറിലുള്ള കൃത്രിമം അടക്കമുള്ള അപകടസാധ്യത അവസാനിപ്പിക്കാനും ഇതുവഴി കഴിയുമെന്ന് മരിയ സ്‌റ്റെനര്‍ഗാര്‍ഡ് കൂട്ടിച്ചേര്‍ത്തു.
എല്ലാ അപേക്ഷകളും ഒരൊറ്റ വെബ്‌സൈറ്റ് പ്ലാറ്റ്‌ഫോമിലൂടെ കടന്നുപോകും. വിസ അപേക്ഷകര്‍ക്ക് ആവശ്യമായ എല്ലാ വ്യക്തിഗത വിവരങ്ങള്‍ ചേര്‍ക്കാനും ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യാനും വിസ ഫീസ് അടയ്ക്കാനും കഴിയും- പ്രസ്താവനയില്‍ പറയുന്നു.
വിസ അപേക്ഷയുടെ സ്റ്റാറ്റസ് സംബന്ധിച്ച തീരുമാനങ്ങളും ഇതേ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കും. വിസ ഇഷ്യൂ ചെയ്താല്‍ അത് 2ഡി ബാര്‍കോഡിന്റെ ഡിജിറ്റല്‍ രൂപത്തിലായിരിക്കും.
ആദ്യ തവണ അപേക്ഷിക്കുന്നവര്‍ക്കും ബയോമെട്രിക് ഡാറ്റ സാധുതയില്ലാത്തവര്‍ക്കും പുതിയ യാത്രാ രേഖയുള്ളവര്‍ക്കും മാത്രമേ വിസ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കോണ്‍സുലേറ്റില്‍ നേരിട്ട് പോകേണ്ടി വരികയുള്ളൂ.
ഓസ്ട്രിയ, ബെല്‍ജിയം, ചെക് റിപ്പബ്ലിക്ക്, ഡെന്‍മാര്‍ക്ക്, എസ്സ്‌റ്റോണിയ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഗ്രീസ്, ഹംഗറി, ഐസ് ലാന്‍ഡ്, ഇറ്റലി, ലാത്‌വിയ, ലക്‌സംബര്ഗ്, മാള്‍ട്ട, നെതര്‍ലന്‍ഡ്‌സ്, നോര്‍വേ, പോളണ്ട്, പോര്‍ച്ചുഗല്‍, സ്ലോവാക്കിയ, സ്ലോവേനിയ, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലാന്റ് എന്നിവയാണ് ഷെന്‍ഗെന്‍ രാജ്യങ്ങള്‍.
നോര്‍വെയും ഐസ് ലാന്‍ഡും യൂറോപ്യന്‍ യൂണിയനില്‍ അംഗങ്ങളല്ലെങ്കിലും ഷെന്‍ഗെന്‍ വിസ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ബ്രിട്ടന്‍, അയര്‍ലന്‍ഡ് എന്നീ രാജ്യങ്ങളില്‍ ഷെന്‍ഗെന്‍ വിസ അനുവദനീയമല്ല.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)