Sorry, you need to enable JavaScript to visit this website.

ഉപരാഷ്ട്രപതിയേയും നിയമ മന്ത്രിയേയും അയോഗ്യരാക്കണം; അഭിഭാഷക സംഘടന സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി-ഉപരാഷ്ട്രപതിയേയും കേന്ദ്ര നിയമ മന്ത്രിയേയും അയോഗ്യാരാക്കണമെന്ന ആവശ്യവുമായി ബോംബെ ലോയേഴ്‌സ് അസോസിയേഷന്‍ സുപ്രീംകോടതിയില്‍. ഇതേ ആവശ്യം ഉന്നയിച്ചു നല്‍കിയ ഹരജി ബോംബെ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ജഡ്ജിമാരുടെ നിയമനത്തിനായുള്ള കൊളീജിയം സംവിധാനത്തിനെതിരേ പരസ്യ പ്രതികരണം നടത്തിയതിന്റെ പേരിലാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിനും കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജുവിനും എതിരേ നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
    സുപ്രീംകോടതിയെ തന്നെ കടന്നാക്രമിക്കുകവും അവിശ്വാസം പ്രകടിപ്പിക്കുകയും വഴി ഭരണഘടന പദവികള്‍ വഹിക്കുന്ന ഉപരാഷ്ട്രപതിയും നിയമ മന്ത്രിയും സ്വയമേ തന്നെ അയോഗ്യരായി കഴിഞ്ഞു എന്നാണ് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍, ഇരുവരുടെയും പ്രസ്താവനകള്‍ സുപ്രീംകോടതിയുടെ പരമാധികാരത്തെ ചോദ്യം ചെയ്തു കൊണ്ടായിരുന്നില്ലെന്നാണ് ബോംബെ ഹൈക്കോടതിയില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ സിംഗ് വാദിച്ചത്. പക്ഷേ, ഉപരാഷ്ട്രപതിയും മന്ത്രിയും അങ്ങേയറ്റം അപലപനീയമായ ഭാഷയില്‍ കടന്നാക്രമിച്ചു എന്നു ലോയേഴ്‌സ് അസോസിയേഷന്‍ വാദിച്ചു. മുമ്പെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം സുപ്രീംകോടതിയെ ഇത്തരത്തില്‍ കടന്നാക്രമിക്കുക വഴി ഇരുവരും ക്രിമിനല്‍ കുറ്റമാണ് ചെയ്തിരിക്കുന്നതെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.
    എന്നാല്‍, സുപ്രീംകോടതിയുടെ വിശ്വസനീയത ആകാശത്തോളം ഉയരത്തിലാണെന്നും വ്യക്തിപരമായ പ്രസ്താവനകള്‍ കൊണ്ട് ആര്‍ക്കും തന്നെ അത് ഇകഴ്ത്താന്‍ കഴിയില്ലെന്നും വ്യക്തമാക്കി ബോംബെ ഹൈക്കോടതി ഹരജി തള്ളുകയായിരുന്നു. മാന്യമായി വിമര്‍ശനം അനുവദിനീയമാണെന്നും ഉപരാഷ്ട്രപതിയും കേന്ദ്ര മന്ത്രിയും അതിരു കടന്നിട്ടില്ലെന്നും കൂടി ബോംബെ ഹൈക്കോടതി കൂട്ടിച്ചേര്‍ത്തിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News