ലഖ്‌നൗ-കാലിനു മുറിവേറ്റ സാരസ് കൊക്കിനെ രക്ഷപ്പെടുത്തി പരിപാലിച്ച സംഭവത്തില്‍ കേസെടുത്ത വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിലപാട് മയപ്പെടുത്തുന്നു. സൗഹൃദം സ്ഥാപിച്ച കൊക്കിനെ ഒരു വര്‍ഷത്തോളം വീട്ടില്‍ പാര്‍പ്പിച്ചതിനെ തുടര്‍ന്നാണ്
1972ലെ വന്യജീവി സംരക്ഷണ നിയമം ലംഘിച്ചതിന് മുഹമ്മദ് ആരിഫിന് വക്കീല്‍ നോട്ടീസ് അയച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തന്നെയാണ് വീണ്ടുവിചാരം നടത്തുന്നത്.
ഒരു വര്‍ഷത്തോളം പക്ഷിയെ പരിപാലിച്ച ആരിഫിനോട് ഏപ്രില്‍ രണ്ടിന് അമേത്തി ഗൗരിഗഞ്ചിലെ അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ ഓഫീസില്‍ ഹാജരായി വിശദീകരണം നല്‍കാനാണ് വിളിപ്പിച്ചിരിക്കുന്നത്.
കേസിന്റെ മെറിറ്റ് വിലയിരുത്തുമ്പോള്‍ പക്ഷിയെ രക്ഷിക്കാന്‍ നടത്തിയ ശ്രമം പരിഗണിക്കുമെന്ന് മുതിര്‍ന്ന വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ആരിഫ് സാരസിന്റെ ജീവന്‍ രക്ഷിച്ചു. അദ്ദേഹത്തില്‍ നിന്ന് വിശദീകരണം തേടുന്ന നോട്ടീസ് അയച്ചപ്പോഴും ഇക്കാര്യം വളരെ പ്രധാനമാണെന്ന് അദ്ദേഹം പറഞ്ഞു.
1972ലെ വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് ഒരാള്‍ക്ക് ഒരു വന്യമൃഗത്തെയും കൂടെ നിര്‍ത്താന്‍ കഴിയില്ല.
ആരിഫ് സാരസിനെ രക്ഷിക്കുകുയം ചികിത്സിക്കുകയും ചെയ്തു. വനംവകുപ്പ് ജീവനക്കാരെ വിവരമറിയിക്കാതിരുന്നത് മാത്രമാണ് തെറ്റ്. പരിക്കേറ്റ വന്യമൃഗത്തെ ആരെങ്കിലും കണ്ടെത്തിയാല്‍ അധികൃതരെ അറിയിക്കണം- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പക്ഷികള്‍ മനുഷ്യരോടൊപ്പം ജീവിച്ചാല്‍ രോഗങ്ങള്‍ പിടിപെടും. 15 ദിവസത്തിനുള്ളില്‍ പക്ഷിക്ക് അസുഖമുണ്ടോ അല്ലെങ്കില്‍ സ്വതന്ത്രമായി പറക്കാനാകുമോ എന്ന് പരിശോധിക്കും. എല്ലാം ശരിയാണെങ്കില്‍ സങ്കേതത്തില്‍ സ്വതന്ത്രമാക്കുക വഴി പക്ഷിക്ക് ഇണചേരാനും അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയില്‍ ജീവിക്കാനും കഴിയും.
ആരിഫും പക്ഷിയും തമ്മിലുള്ള സൗഹൃദം തങ്ങള്‍ തകര്‍ത്തിട്ടില്ലെന്ന് അമേത്തി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഡിഎന്‍ സിംഗ് പറഞ്ഞു. സാരസ് കൊക്കുകള്‍ ജോഡികളായി താമസിക്കുന്നത്. പക്ഷേ ഇത് ഒറ്റയ്ക്കായിരുന്നു, അതിനാല്‍, പക്ഷിയെ അതിന്റെ സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് മാറ്റേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണ്. അങ്ങനെ അതിന് ഒരു സാധാരണ ജീവിതം നയിക്കാന്‍ കഴിയും- ഉദ്യോഗസ്ഥന്‍ പറഞ്ഞു.
പക്ഷിയെ ഒരിക്കലും വളര്‍ത്തുപക്ഷിയായി കരുതിയിട്ടില്ലെന്ന് ആരിഫ് പറയുന്നു.
ഞാന്‍ പക്ഷിക്ക് പരിക്കേറ്റതായി കണ്ടെത്തി, അതിന് ചികിത്സയും ഭക്ഷണവും നല്‍കി. ചികിത്സയ്ക്ക് ശേഷം വിട്ടയച്ചെങ്കിലും അത് എന്നിലേക്ക് മടങ്ങിയെത്തി. പകല്‍ മുഴുവന്‍ അത് വയലുകളില്‍ സ്വതന്ത്രമായി വിഹരിച്ചു. പക്ഷി ഭക്ഷണത്തിനായി എന്റെ അടുക്കല്‍ വന്നതാണോ എന്റെ തെറ്റ്? -ആരിഫ് ചോദിച്ചു.
2022 ഫെബ്രുവരിയിലാണ് പരിക്കേറ്റ പക്ഷിയെ ആരിഫ് കണ്ടെത്തിയത്. പക്ഷിയുടെയും ആരിഫിന്റെയും സൗഹൃദം വെളിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വൈറലായിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)