ജിദ്ദ- സൗദിയിലെ ജിദ്ദയില്‍ മലയാളി ഉപേക്ഷിച്ചുപോയ സോമാലി കുടുംബത്തെ സംരക്ഷിക്കാന്‍ പ്രവാസി മലയാളികള്‍ നടത്തുന്ന ശ്രമങ്ങളൊടൊപ്പം ഈ കുടുംബത്തിലെ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ തയാറായും ചിലര്‍ രംഗത്തുവരുന്നു. എന്നാല്‍ വരുംവരായ്കകള്‍ ഓര്‍ക്കാതെയാണ് ഇങ്ങനെയുള്ള ആലോചനയെന്ന് ഈ കുടുംബത്തിന് വേണ്ടി പൗരത്വ രേഖകള്‍ ശരിയാക്കുന്നതിന് ശ്രമങ്ങള്‍ നടത്തി പരാജയപ്പെട്ട ജിദ്ദയിലെ സാമൂഹിക പ്രവര്‍ത്തകർ പറയുന്നു.
മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശി അബ്ദുല്‍ മജീദ് പാണമ്പി ഉപേക്ഷിച്ചു പോയ സോമാലിയന്‍ വനിത മുഅ്മിനയെയും ഏഴു മക്കളെയും സംരക്ഷിക്കാന്‍ സാധ്യമാകുന്നത് ചെയ്യുകയാണ് ജിദ്ദയിലെ മലയാളികള്‍. അതിനിടയിലാണ് ചിലര്‍ വിവാഹാലോചനകള്‍ നടത്തുന്നത്.
സോമാലിയയന്‍ തലസ്ഥാനമായ മൊഗാദിഷു സ്വദേശിയായ മുഅ്മിനയെ അബ്ദുല്‍ മജീദ് ഉപേക്ഷിച്ചു പോയത് 2013ലാണ്. ജീവിതം വഴിമുട്ടിയ മുഅ്മിനയെ സംരക്ഷിക്കാനാണ് വേറെ ഭാര്യയുള്ള സമയത്ത് തന്നെ താന്‍ വിവാഹം ചെയ്തതെന്നാണ് മജീദ് ന്യായീകരിച്ചിരുന്നത്. അത്തരമൊരു സഹായമനസ്ഥിതിയുള്ളയാള്‍ എന്തു കൊണ്ട് മക്കളുടെ പാസ്‌പോര്‍ട്ടിനും മറ്റും ശ്രമിച്ചില്ലെന്ന ചോദ്യം ന്യായമാണ്. അതിനിടെ, മജീദിന് ജിദ്ദയില്‍ മുഅ്മിനയെ കൂടുതെ വേറേയും സോമാലി ഭാര്യയുണ്ടായിരുന്നുവെന്ന് പറയുന്നു.
മജീദ് ഉപേക്ഷിച്ചു പോകുമ്പോള്‍ മുഅ്മിന ഗര്‍ഭിണിയായിരുന്നു. പൊടുന്നനെ യാതൊരു വിവരവും പറയാതെ അബ്ദുല്‍ മജീദ് ഇവരെ ഉപേക്ഷിച്ച് നാട്ടിലേക്ക് പോയി. ഏഴു മക്കളെയുമായി മുഅ്മിന ദുരിത ജീവിതം നയിച്ചു. കുട്ടികള്‍ക്കൊന്നും രേഖകളുണ്ടായിരുന്നില്ല. പലപ്പോഴും മുഅ്മിന പോലീസ് പിടിയിലായി. രണ്ടു മക്കളെ പോലീസ് പിടികൂടി സൗദിയില്‍നിന്ന് നാടുകടത്തി. ഒരാള്‍ ഇപ്പോള്‍ സോമാലിയയിലും മറ്റൊരാള്‍ യെമനിലുമാണ്. അഞ്ചു പെണ്‍മക്കളാണ് ഇപ്പോള്‍ മുഅ്മിനയുടെ കൂടെയുള്ളത്.
ജിദ്ദയിലെ മലയാളികള്‍ സാന്ത്വനസ്പര്‍ശം എന്ന പേരില്‍ ഈയിടെ സംഘടിപ്പിച്ച കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ ധാരാളം പേരെത്തിയിരുന്നു. കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി തുടര്‍ പരിപാടികളും തീരുമാനിച്ചിട്ടുണ്ട്.
കൂട്ടായ്മയുടെ ചിത്രങ്ങളും വീഡിയോകളും മജീദിന് അയച്ചുകൊടുത്തിരുന്നു. അവകാശമുള്ള സ്വത്ത് വില്‍പനയായാല്‍ കുടുംബത്തെ സഹായിക്കുമെന്ന പതിവ് വാക്ക് ആവര്‍ത്തിക്കുകയാണ് മജീദ്. സ്വത്ത് വിറ്റ് സഹായിച്ചിരുന്നുവെന്ന സോമാലി കുടുംബത്തെ പ്രചാരണം ശരിയല്ല. എട്ട് വര്‍ഷം മുമ്പ് പറഞ്ഞിരുന്ന അതേ വാക്കാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്. നാട്ടില്‍നിന്ന് എട്ട് വര്‍ഷംമുമ്പ് വരെ മജീദ് മുഅ്മിനക്കും കുടുംബത്തിനും പണം അയച്ച് സഹായിച്ചിരുന്നു.
പൗരത്വ രേഖകള്‍ ശരിയാക്കാന്‍ കഴിയാത്ത നൂറിലേറെ കേസുകള്‍ സൗദിയില്‍ ഇന്ത്യന്‍ എംബസിയുടെ മുന്നിലുണ്ടെന്ന് ഈ പ്രശ്നത്തിൽ ഇടപെട്ട സാമൂഹിക പ്രവർത്തകർ പറയുന്നു. പ്രതിസന്ധി മനസ്സിലാക്കാതെയാണ് ഇന്തോനേഷ്യന്‍ സ്ത്രീകളേയും ഫിലിപ്പിനകളേയും വിവാഹം ചെയ്യാന്‍ ആളുകള്‍ തയാറാകുന്നത്. ഈ മേഖലയില്‍ വലിയ ചൂഷണം നടക്കുന്നുണ്ട്.