വാരണാസി- സമാജ്‌വാദി പാര്‍ട്ടി പ്രസിഡണ്ട് അഖിലേഷ് യാദവ്, എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി എന്നിവര്‍ക്ക് വാരണാസി അഡീഷണല്‍ ജില്ലാ ജഡ്ജി അനുരാധ കുശ്‌വാഹ നോട്ടീസയച്ചു. ഗ്യാന്‍വാപി മസ്ജിദില്‍ കണ്ടെത്തിയെന്ന് പറയുന്ന ശിവലിംഗത്തെ കുറിച്ച് നടത്തിയ പരാമര്‍ശത്തില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ഹരിശങ്കര്‍ പാണ്ഡെ നല്‍കിയ ഹരജിയിലാണ് നടപടി. പള്ളിയില്‍ സന്ദര്‍ശകര്‍ അംഗസ്‌നാനം ചെയ്യുന്ന കുളം വൃത്തികേടാക്കിയെന്നും അഖിലേഷും ഉവൈസിയും ആരോപിച്ചിരുന്നു.
അഭിഭാഷകന്‍ നല്‍കിയ പുനഃപരിശോധനാ ഹരജിയിലാണ് അഡീഷണല്‍ ജില്ലാ ജഡ്ജി അനുരാധ കുശ്‌വാഹ പ്രതികള്‍ക്ക് നോട്ടീസ് അയച്ചത്.
ഇരുവര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. നേരത്തെ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും ഫെബ്രുവരി 15 ന് ഹരജി തള്ളിയിരുന്നു.
തുടര്‍ന്ന് ജില്ലാ ജഡ്ജിയുടെ കോടതിയില്‍ റിവിഷന്‍ പെറ്റീഷന്‍ ഫയല്‍ ചെയ്തു. ജില്ലാ കോടതിയില്‍നിന്ന് റിവിഷന്‍ പെറ്റീഷന്‍ അഡീഷണല്‍ ജില്ലാ കോടതിയിലേക്ക് മാറ്റുകയായിരുന്നു. റിവിഷന്‍ ഹരജിയില്‍ വാദം കേള്‍ക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ച കോടതി എല്ലാ പ്രതികള്‍ക്കും നോട്ടീസ് അയച്ചു. വാദം കേള്‍ക്കുന്നതിനായി കേസ് ഏപ്രില്‍ 14 ലേക്ക് മാറ്റി.