മൊറാദാബാദ്-ഉത്തര്‍പ്രദേശിലെ മൊറാദാബാദ് ജില്ലയില്‍ മുസ്ലിം പുരുഷന്മാര്‍ സംഘടിതമായി തറാവീഹ് നമസ്‌കരിക്കുന്നതില്‍ എതിര്‍പ്പുമായി സംഘ്പരിവാര്‍ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ്ദള്‍.
കാട്ഘര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ലജ്പത് നഗറിലെ സക്കീര്‍ ഹുസൈന്‍ എന്നയാളുടെ വീട്ടിലേക്ക് രാഷ്ട്രീയ ബജ്‌റംഗ് ദള്‍ സംസ്ഥാന പ്രസിഡന്റ് രോഹന്‍ സക്‌സേനയുടെ നേതൃത്വത്തില്‍ ഒരു സംഘം അതിക്രമിച്ചു കയറി. സംഘ്പരിവാര്‍ ബഹളം സൃഷ്ടിച്ചതിനെ തുടര്‍ന്ന് പോലീസിനെ വിളിച്ചാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.
നഗരത്തില്‍ പുതിയ സമ്പ്രദായങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് രോഹന്‍ സക്‌സേന പറഞ്ഞു. സക്കീര്‍ മാറ്റാളുകള്‍ക്കൊപ്പം നമസ്‌കാരം നടത്തി പുതിയ പാരമ്പര്യം സൃഷ്ടിക്കുന്നതായാണ് വിവരം ലഭിച്ചത്. ഞങ്ങള്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നുവെന്നും നഗരത്തിലോ സംസ്ഥാനത്തോ പുതിയ സമ്പ്രദായം ആരംഭിക്കാന്‍ അനുവദിക്കില്ലെന്നും സക്‌സേന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എതിര്‍പ്പിനെ തുടര്‍ന്ന് അക്രമാസക്തരായ മുസ്ലിംകള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായും സക്‌സേന പറഞ്ഞു.
അയല്‍വാസികളില്‍ നിന്നാണ് വിവരങ്ങള്‍ ലഭിച്ചതെന്നും തെളിവായി ചിത്രങ്ങള്‍ കിട്ടിയെന്നും എങ്ങനെ അറിഞ്ഞുവെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി. പോലീസ് നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ രാഷ്ട്രീയ ബജ്‌റംഗ് ദള്‍ ഇതിനെതിരെ തെരുവിലിറങ്ങുമെന്നും സക്‌സേന മുന്നറിയിപ്പ് നല്‍കി.
ഒരു സംഘം മുസ്ലീം പുരുഷന്മാരാണ് തറാവീഹ് നമസ്‌കാരം നിര്‍വഹിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തറാവീഹ് പള്ളികളില്‍ നിര്‍വഹിക്കാന്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും സക്‌സേന പറഞ്ഞു.
എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.
വിശുദ്ധ റമദാനില്‍ എല്ലാ രാത്രികളിലും ഇശാ നമസ്‌കാരത്തിനുശേഷം നിര്‍വഹിക്കുന്ന നമസ്‌കാരമാണ് വിശ്രമം എന്ന അര്‍ഥത്തിലുള്ള തറാവീഹ്.
ലോകമെമ്പാടും പള്ളികളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വേണ്ടി തറാവീഹ് നടക്കുന്നു. പള്ളികളില്‍ പോകാന്‍ കഴിയാത്തവര്‍ വീടുകളില്‍വെച്ചും ഈ നമസ്‌കാരം നിര്‍വഹിക്കുന്നു.