Sorry, you need to enable JavaScript to visit this website.

വര്‍ഗീയ ധ്രുവീകരണം ശക്തം, കര്‍ണാടകയില്‍ എല്ലാ പാര്‍ട്ടികളും മുസ്ലിംകളെ അകറ്റുന്നു

ബെംഗളൂരു-ബി.ജെ.പിയും സംഘ്പരിവാറും സൃഷ്ടിച്ച വര്‍ഗീയ ധ്രുവീകരണം കാരണം കര്‍ണാടകയില്‍ എല്ലാ പാര്‍ട്ടികളും മുസ്ലിംകളെ തെരഞ്ഞെടുപ്പകളില്‍ അകറ്റി നിര്‍ത്തുകയാണെന്ന് നിരീക്ഷകര്‍.
കര്‍ണാടകയില്‍ 13 ശതമാനം ജനസംഖ്യയുള്ള ഏറ്റവും വലിയ സമുദായങ്ങളിലൊന്നാണ് മുസ്ലിംകള്‍.  ലിംഗായത്തുകളേക്കാളും വൊക്കലിഗകളേക്കാളും എണ്ണത്തില്‍ മുസ്ലിംകള്‍  മുന്നിലാണെന്ന് സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നടത്തിയ സെന്‍സസില്‍ കണ്ടെത്തിയിരുന്നു.
കര്‍ണാടക നിയമസഭയില്‍ നിലവില്‍ മുസ്ലിം സമുദായത്തില്‍ നിന്നുള്ള ഏഴ് എംഎല്‍എമാരുണ്ട്. എല്ലാവരും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. പത്തുവര്‍ഷത്തനിടെ, ഏറ്റവും കുറഞ്ഞ മുസ്ലിം പ്രാതിനിധ്യമാണിത്. 2008 ല്‍ ഒമ്പത് മുസ്ലിം എംഎല്‍എമാര്‍ സംസ്ഥാനത്ത് തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
2013ല്‍ 11 മുസ്ലിം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചപ്പോള്‍ ഒമ്പത് പേര്‍ കോണ്‍ഗ്രില്‍നിന്നും മൂന്ന് ജെഡിഎസില്‍നിന്നുമായിരുന്നു. 1978 ലായിരുന്നു ഏറ്റവും ഉയര്‍ന്ന മുസ്ലിം പ്രാതിനിധ്യം. 16 എംഎല്‍എമാര്‍. രണ്ട് എം.എല്‍.എമാര്‍ മാത്രം തെരഞ്ഞെടുക്കപ്പെട്ട 1983 നലായിരുന്നു ഏറ്റവും കുറവ്.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ടിക്കറ്റ് നല്‍കാനായി ജനസംഖ്യയുടെ ആനുപാതികമായി മുസ്ലിംകളെ കോണ്‍ഗ്രസ് പാര്‍ട്ടി പോലും പരിഗണിക്കുന്നില്ല.
ഭരണകക്ഷിയായ ബി.ജെ.പിയുടെയും സംഘ്പരിവാര്‍ ശക്തികളുടെയും ധ്രുവീകരണമാണ് ഇതിന് പ്രധാന കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു. ഹിജാബ്, മുസ്ലീം വ്യാപാരികളെ ബഹിഷ്‌കരിക്കല്‍, ബാങ്ക് വിളി തുടങ്ങി മുസ്ലിംകളെ ലക്ഷ്യമിട്ട് ബി.ജെ.പിയും സംഘ്പരിവാറും ഉയര്‍ത്തിക്കൊണ്ടുവന്ന പ്രശ്‌നങ്ങളാണ്  സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണം വേഗത്തിലാക്കിയത്. കര്‍ണാടകയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘ് പരിവാര്‍ പ്രവര്‍ത്തകരുടെ കൊലപാതകങ്ങളും കുക്കര്‍ ബോംബ് സ്‌ഫോടന കേസും  തീവ്ര സംഘടനകളുടെ പ്രചാരണവും സമുദായത്തിന്റെ സ്ഥിതി കൂടുതല്‍ വഷളാക്കുകയായിരുന്നു.
21 നിയമസഭാ മണ്ഡലങ്ങളില്‍ വിജയിക്കാനും സംസ്ഥാനത്തുടനീളം നിരവധി സീറ്റുകളില്‍ നിര്‍ണായക പങ്ക് വഹിക്കാനും മുസ്‌ലിംകള്‍ക്ക്  കഴിയുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


സംസ്ഥാനത്ത് എസ്‌സി/എസ്ടി വിഭാഗങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ളത് മുസ്‌ലിംകളാണെന്ന് റിട്ട. പ്രൊഫസറും മഹിളാ കോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയുമായ ഡോ ചമന്‍ ഫര്‍സാന പറഞ്ഞു. ലിംഗായത്തുകള്‍, വൊക്കലികള്‍, കുറുബ സമുദായങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മുസ്ലിംകള്‍ എണ്ണത്തില്‍ കൂടുതലാണ്.
71 സീറ്റുകളിലേക്കാണ് ലിംഗായത്തുകള്‍ കോണ്‍ഗ്രസിനോട് ടിക്കറ്റ് ആവശ്യപ്പെടുന്നത്. ഒരു മുസ്ലിം സ്ഥാനാര്‍ത്ഥിക്ക് പോലും ടിക്കറ്റ് നല്‍കുന്ന കാര്യം ബിജെപി പരിഗണിക്കില്ല. മറ്റൊരു പാര്‍ട്ടിയും മുസ്ലിം സ്ഥാനാര്‍ത്ഥികളെ പൊതുവെ പരിഗണിക്കുന്നില്ല. ബി.ജെ.പി സമൂഹത്തെ ധ്രുവീകരിച്ചതിനാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് ചമന്‍ ഫര്‍സാന വിശദീകരിച്ചു.
 ജനങ്ങള്‍ വോട്ട് ചെയ്യാനുള്ള മാനദണ്ഡമായി ജാതിയെയും മതത്തേയും  പരിഗണിച്ചിരുന്നില്ലെങ്കില്‍ ചിത്രദുര്‍ഗയില്‍നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ട തന്റെ പിതാമഹന്റെ ഉദാഹരണം ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു. െേതരഞ്ഞെടുപ്പില്‍ വര്‍ഗീയ ബിജെപിയെയും ആര്‍എസ്എസിനെയും പരാജയപ്പെടുത്തി കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കുക മാത്രമാണ് മുസ്ലിംകള്‍ക്ക് മുന്നിലുള്ള വഴിയെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രാതിനിധ്യം ലഭിക്കാത്തതില്‍ സമുദായം അതൃപ്തിയിലാണെങ്കിലും കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കാന്‍ ത്യാഗം സഹിക്കണമെന്നും ഫര്‍സാന പറഞ്ഞു.
ഭരണഘടനയനുസരിച്ചല്ല സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന്
കോണ്‍ഗ്രസ് എംഎല്‍എയും മുന്‍ മന്ത്രിയുമായ യു.ടി.  ഖാദര്‍ പറഞ്ഞു.  വിവേചനമില്ലാതെ എല്ലാ സമുദായങ്ങളെയും വ്യക്തികളെയും തുല്യമായി പരിഗണിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല. ഭരണകൂടം തന്നെ വര്‍ഗീയമായി സംസ്ഥാനത്ത് വിദ്വേഷം പടര്‍ത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിം സമുദായത്തില്‍ അന്യവല്‍ക്കരണം ശക്തമാണെങ്കിലും ഭരണഘടനയില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നും കോണ്‍ഗ്രസാണ് തങ്ങളുടെ ഏക പ്രതീക്ഷയെന്നും ഖാദര്‍ കൂട്ടിച്ചേര്‍ത്തു.

 

Latest News