ചെന്നൈ- പൊന്നിയിന്‍ സെല്‍വന്‍-2ന്റെ ഓഡിയോ ട്രെയിലര്‍ റിലീസിംഗ് മാര്‍ച്ച് 29ന് വൈകിട്ട് ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. ആയിരക്കണക്കിന് ആരാധകരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ബ്രഹ്മാണ്ഡ ചടങ്ങില്‍ ഇന്ത്യന്‍ സിനിമയുടെ തന്നെ ഉന്നത താരങ്ങള്‍ സംബന്ധിക്കും എന്നാണു സൂചന.
ട്രെയിലറിനോടൊപ്പം എ. ആര്‍. റഹ്മാന്‍ സംഗീതം പകര്‍ന്ന ഏഴു ഗാനങ്ങളടങ്ങുന്ന മ്യുസിക് ആല്‍ബം പുറത്തിറക്കും. റഫീക്ക് അഹമ്മദാണ് അഞ്ചു ഭാഷകളില്‍ എത്തുന്ന 'പിഎസ് 2'ലെ മലയാള ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ഇതിന്റെ മേക്കിംഗ് വീഡിയോ നിര്‍മ്മാതാക്കളായ ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും പുറത്തു വിട്ടു.
എ. ആര്‍. റഹ്മാന്റെ മേല്‍നോട്ടത്തില്‍ ശ്വേതാ മേനോന്‍, ചിന്‍മയി, ശക്തിശ്രീ ഗോപാല്‍ എന്നിവര്‍ ഗാനാലാപനം നടത്തുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
ഏപ്രില്‍ 28നാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്റെ രണ്ടാം ഭാഗമായ 'പി എസ് 2' തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ റീലീസ് ചെയ്യുക. ശ്രീ ഗോകുലം മൂവിസാണ് ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാര്‍.
വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്‍, തൃഷകൃഷ്ണ, റഹ്മാന്‍, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, പ്രകാശ് രാജ്, നാസര്‍, റിയാസ് ഖാന്‍, ലാല്‍, അശ്വിന്‍ കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിങ്ങനെ വലിയൊരു താര നിരയെ അണിനിരത്തിയാണ് സാങ്കേതിക മികവോടെ മണിരത്‌നം ഈ ചരിത്ര സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.
രവി വര്‍മ്മനാണ് ഛായഗ്രാഹകന്‍. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും തോട്ടാ ധരണി കലാസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.