ന്യൂദല്‍ഹി- പോരാട്ടം ഇന്ത്യയുടെ ശബ്ദം വീണ്ടെടുക്കാനാണെന്നും എന്തു വില കൊടുക്കാനും തയാറാണെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
മോഡി കേസില്‍ ശിക്ഷിക്കപ്പെടുകയും എം.പി സ്ഥാനം നഷ്ടപ്പെടുകയും ചെയ്ത ശേഷമാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. പ്രധാനമന്ത്രി മോഡിയെ കള്ളന്മാരുമായി താരതമ്യം ചെയ്തുവെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തെ ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കിയത്.
വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ വിജ്ഞാപനം പുറത്തിറങ്ങിയിട്ടുണ്ട്. 2019ല്‍ തെരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോഡി കുടംബപ്പേരിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസിലാണ് രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഹുലിന് ആറ് വര്‍ഷത്തെ വിലക്കുണ്ടാകും. അപ്പീല്‍നല്‍കാനായി ശിക്ഷ 30 ദിവസത്തേക്ക് മരവിപ്പിച്ച് സൂറത്ത് കോടതി ജാമ്യം അനുവദിച്ചിരുന്നു. മേല്‍ക്കോടതിയുടെ ഇടപെടലിന് മുമ്പാണ് ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ തീരുമാനം വന്നത്.
ഭരണഘടനയുടെ 101 (1) വകുപ്പ് പ്രകാരവും ജനപ്രാതിനിധ്യ നിയമത്തിന്റെ എട്ടാം വകുപ്പ് പ്രകാരവുമാണ് നടപടി. ലോക്‌സഭാ സെക്രട്ടറി ജനറല്‍ ഉത്പാല്‍ കുമാര്‍ സിങാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
കര്‍ണാടകയിലെ കോലാറില്‍ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ വിവാദ പരാമര്‍ശം നടത്തിയത്. നീരവ് മോഡിയോ ലളിത് മോഡിയോ നരേന്ദ്ര മോഡിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരില്‍ മോഡിയുള്ളത്...? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോഡിമാര്‍ പുറത്തുവരും...' എന്നായിരുന്നു 2019 ഏപ്രില്‍ 13ന്റെ പ്രസംഗത്തിലെ പരാമര്‍ശം. ബി.ജെ.പി.യുടെ സൂറത്ത് വെസ്റ്റ് എം.എല്‍.എ. പൂര്‍ണേഷ് മോഡി നല്‍കിയ പരാതിയിലാണ് സൂറത്ത് സി.ജെ.എം. കോടതി കേസെടുത്തത്. റാലിയിലെ പ്രസംഗം തെരഞ്ഞെടുപ്പ് കമ്മിഷനുവേണ്ടി റെക്കോഡ് ചെയ്തിരുന്നു. ഇതിന്റെ സി.ഡി.യും പെന്‍ഡ്രൈവും പരിശോധിച്ച കോടതി രാഹുല്‍ഗാന്ധിക്കെതിരായ ആരോപണം നിലനില്‍ക്കുന്നതാണെന്ന് കണ്ടെത്തി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എച്ച്.എച്ച്. വര്‍മയാണ് വിധി പ്രസ്താവിച്ചത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)