മൈസൂരു- കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങളെ വ്യാജ ഓഫറുകളല്ലാതെ മറ്റൊന്നുമല്ലെന്ന് പരിഹസിച്ച് മുന്‍ മുഖ്യമന്ത്രിയും ജെ ഡി എസ് നേതാവുമായ എച്ച് ഡി കുമാര സ്വാമി. സ്ത്രീകള്‍, തൊഴില്‍രഹിതരായ ബിരുദധാരികള്‍, ഡിപ്ലോമയുള്ളവര്‍, ബി.പി.എല്‍ കാര്‍ഡ് ഉടമകള്‍, ഗാര്‍ഹിക വൈദ്യുതി ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് പണം വാഗ്ദാനം നല്‍കിക്കൊണ്ട് ഗ്യാരണ്ടി കാര്‍ഡുകളാണ് കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ഈ വാഗ്ദാനങ്ങളൊന്നും പാലിക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യയും കെ.പി.സി.സി അധ്യക്ഷന്‍ ഡി. കെ ശിവകുമാറും സംയുക്തമായി ഒപ്പിട്ട നാല് നിര്‍ദ്ദിഷ്ട ഗ്യാരണ്ടി കാര്‍ഡുകള്‍ക്ക് 25,000 കോടി രൂപ വേണ്ടിവരുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി എങ്ങനെ പണം സ്വരൂപിക്കുമെന്നും കുമാര സ്വാമി മൈസൂരില്‍ ചോദിച്ചു. പഞ്ചരത്‌ന പദ്ധതി നടപ്പാക്കുമെന്ന ജെ.ഡി.എസ് വാഗ്ദാനത്തില്‍ 2.5 ലക്ഷം കോടി രൂപ ഉള്‍പ്പെടുമെന്നും കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിനായി 25,000 കോടി രൂപ സമാഹരിച്ചതിനാല്‍ അത്തരം പണം സ്വരൂപിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് ഉറപ്പില്ലാത്തതിനാല്‍ ഉറപ്പുകളുടെ കോണ്‍ഗ്രസ് ഗിമ്മിക്ക് ഒരു ഗ്യാരണ്ടിയല്ല. അതിനാല്‍ ഗ്യാരന്റി നമ്പര്‍ നാലും അതിനുമുമ്പുള്ള മൂന്ന് ഗ്യാരണ്ടികളും അര്‍ത്ഥശൂന്യമാണ്. വ്യക്തമായ ഭൂരിപക്ഷം പോലും ലഭിക്കാതെയാണ് താന്‍ രണ്ട് തവണ മുഖ്യമന്ത്രിയായതെന്നും കുമാരസ്വാമി പറഞ്ഞു. ദിവസേന 100 കിലോമീറ്റര്‍ സഞ്ചരിക്കുന്ന താന്‍, പാര്‍ട്ടിയുടെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ വ്യക്തമായ ഭൂരിപക്ഷം നല്‍കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. ഭരണകക്ഷിയായ ബി.ജെ.പി തങ്ങളുടെ വിജയ സങ്കല്‍പ യാത്രയ്ക്ക് പണം നല്‍കിയും ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്തും ജനക്കൂട്ടത്തെ അണിനിരത്തുകയാണെന്ന് ജെ.ഡി എസ് നേതാവ് ആരോപിച്ചു. കാര്‍ഷിക കടം എഴുതിത്തള്ളാന്‍ കര്‍ഷകര്‍ക്ക് 1,800 കോടി രൂപ ബി.ജെ.പി ഇതുവരെ അനുവദിച്ചിട്ടില്ല. ഭരണകക്ഷി അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണെന്നും വിശ്വസിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് 26 ന് മൈസൂരില്‍ ചാമുണ്ഡി ഹില്‍സിനടുത്തുള്ള പഞ്ചരത്‌ന യാത്രയുടെ സമാപന ചടങ്ങിന്റെ ക്രമീകരണങ്ങളില്‍ സന്തോഷമുണ്ടെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും വലുതുമായ സംഭവമാണിതെന്നും കുമാരസ്വാമി അവകാശപ്പെട്ടു. സമാപന ചടങ്ങില്‍ റെക്കോര്‍ഡ് സംഖ്യ 10 ലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും കുമാരസ്വാമി പറഞ്ഞു.