ചെന്നൈ- മണിരത്നം അണിയിച്ചൊരുക്കിയ 'പൊന്നിയിന്‍ സെല്വന്' ഇതിഹാസ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പിഎസ്-2'വിലെ പ്രണയാര്‍ദ്രമായ 'അകമലര്‍'ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
'അകമലര്‍ അകമലര്‍ ഉണരുകയായോ, മുഖമൊരു കമലമായ് വിരിയുകയായോ, പുതുമഴ പുതുമഴ ഉതിരുകയായോ, തരുനിര മലരുകളണിവു, ആരത്.... ആരത് എന്‍ ചിരി കോര്‍ത്തത്...' എന്നു തുടങ്ങുന്നതാണ പാട്ടിലെ വരികള്‍.
റഫീക്ക് അഹമ്മദ് രചിച്ച് എ ആര് റഹ്മാന് സംഗീതം നല്കിയ ഗാനം ആലപിച്ചിരിക്കുന്നത് ശക്തിശ്രീ ഗോപാലനാണ്. കാര്‍ത്തി, തൃഷ എന്നിവരാണ് ഫാന്റസിയായി ചിത്രീകരിച്ച ഗാനത്തില്‍.
സാഹിത്യകാരന് കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ വിശ്വ പ്രസിദ്ധ ചരിത്ര നോവല്‍ 'പൊന്നിയിന്‍ സെല്വന്' ആധാരമാക്കിയാണ് മണിരത്നം അതേ പേരില്‍ തന്നെ ദൃശ്യ സാക്ഷാത്ക്കാരം നല്‍കിയിരിക്കുന്നത്. വിക്രം, കാര്‍ത്തി, ജയം രവി, ഐശ്വര്യാ റായ് ബച്ചന്, തൃഷകൃഷ്ണ, റഹ്മാന്, പ്രഭു, ജയറാം, ശരത് കുമാര്‍, വിക്രം പ്രഭു, ബാബു ആന്റണി, റിയാസ് ഖാന്, ലാല്‍, അശ്വിന് കാകുമാനു, ശോഭിതാ ധൂലിപാല, ഐശ്വര്യ ലക്ഷ്മി, ജയചിത്ര എന്നിവരാണ് അഭിനേതാക്കള്‍. ഏപ്രില്‍ 28ന് ലോകമെമ്പാടും 'പിഎസ് -2' റിലീസ് ചെയ്യും.
'പൊന്നിയിന്‍ സെല്വന് -1' രാജ്യത്ത് ബോക്സോഫീസില്‍ വന്‍ ചരിത്രമാണ് സൃഷ്ടിച്ചത്. ലൈക്കാ പ്രൊഡക്ഷന്‍സും മെഡ്രാസ് ടാക്കീസും സംയുക്തമായി നിര്‍മ്മിച്ച ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പൊന്നിയിന്‍ സെല്വന്-2' (പിഎസ്2) തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ചു ഭാഷകളില്‍ റിലീസ് ചെയ്യും.