Sorry, you need to enable JavaScript to visit this website.

അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചു നീക്കണം, പകരം ഭൂമിക്ക് അപേക്ഷ നല്‍കാം

ന്യൂദല്‍ഹി- അലഹബാദ് ഹൈക്കോടതി വളപ്പിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന ഉത്തരവ് സുപ്രീം കോടതി ശരിവെച്ചു. ഹൈക്കോടതി മസ്ജിദ് എന്ന പേരില്‍ അറിയപ്പെടുന്ന പള്ളി പൊളിച്ചുനീക്കണമെന്ന് 2017ല്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതി പരിസരത്തുനിന്ന് മസ്ജിദ് നീക്കണമെന്ന ഈ ഉത്തരവാണ്  ഇപ്പോള്‍ സുപ്രീം കോടതി ശരിവെച്ചത്.
ഹൈക്കോടതി വഖഫ് മസ്ജിദും  യു.പി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും നല്‍കിയ പ്രത്യേകാനുമതി ഹരജികള്‍ തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷായും സി.ടി രവികുമാറും അടങ്ങുന്ന ബെഞ്ച് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ഉത്തരവ് ശരിവെച്ചത്.
മസ്ജിദ് നീക്കം ചെയ്യാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ മൂന്ന് മാസത്തിനുള്ളില്‍  നീക്കം ചെയ്തില്ലെങ്കില്‍ അത് നീക്കം ചെയ്യാനോ പൊളിക്കാനോ ഹൈക്കോടതിയടക്കമുള്ള അധികൃതര്‍ക്ക് അനുമതി നല്‍കുമെന്നും ബെഞ്ച് വ്യക്തമാക്കി.
സമീപപ്രദേശത്ത് ബദല്‍ ഭൂമി അനുവദിക്കുന്നതിനായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിവേദനം നല്‍കാമെന്ന് ഹര്‍ജിക്കാരോട് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. പൊതു ആവശ്യങ്ങള്‍ക്ക് ഇപ്പോഴോ ഭാവിയിലേ ആവശ്യമില്ലെന്ന് കരുതുന്ന  ഭൂമി അനുവദിക്കുന്ന കാര്യം സര്‍ക്കാരിന് പരിഗണിക്കാമെന്നും ഉത്തരവില്‍ പറഞ്ഞു.
മസ്ജിദ് സ്ഥിതി ചെയ്യുന്നത് സര്‍ക്കാര്‍ പട്ടയഭൂമിയിലാണെന്നും 2002ല്‍ ഗ്രാന്റ് റദ്ദാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ലീസ് റദ്ദാക്കിയതിനാല്‍ ഹൈക്കോടതിയുടെ വികസനത്തിന് ഭൂമി ഉപയോഗിക്കാമെന്ന് 2012ല്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.  അതിനാല്‍ ഈ സ്ഥലത്തിന്മേല്‍ നിയമപരമായ അവകാശം ഉന്നയിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ഈ പശ്ചാത്തലത്തില്‍ അഭിഷേക് ശുക്ല എന്ന അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടാനാവില്ലെന്ന് ബെഞ്ച് വ്യക്തമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News