വാഷിംഗ്ടണ്‍- അമേരിക്കയിലെ സിയാറ്റിലിന് പിന്നാലെ ഇന്ത്യക്കാരുടെ ജാതിയുദ്ധം കാനഡയിലെ ടൊറന്റോയില്‍. ഇവിടെ ഒരു വിഭാഗം ജാതി അടിസ്ഥാനത്തിലുള്ള വിവേചന നിരോധനത്തെ അനുകൂലിക്കുമ്പോള്‍ മറ്റൊരു വിഭാഗം ഇത്തരം നീക്കങ്ങളെ എതിര്‍ക്കുന്നു. ഒരു ജില്ലാ സ്‌കൂളിലാണ് ജാതി യുദ്ധം രൂക്ഷമായിരിക്കുന്നത്.
ജാതി വിവേചനം ഒഴിവാക്കന്‍ സാമ്പത്തിക വിദഗ്ധയും ഇന്ത്യന്‍-അമേരിക്കന്‍ രാഷ്ട്രീയ നേതാവുമായ ക്ഷമ സാവന്ത് അവതരിപ്പിച്ച പ്രമേയം കഴിഞ്ഞ മാസം സിയാറ്റില്‍ പ്രാദേശിക കൗണ്‍സില്‍ പാസാക്കിയിരുന്നു. ഇതോടെ ജാതി വിവേചനം നിയമവിരുദ്ധമാക്കുന്ന ആദ്യത്തെ യു.എസ് നഗരമായി സിയാറ്റില്‍ മാറി.
ഉയര്‍ന്ന ജാതിയില്‍പ്പെട്ട ക്ഷമ സാവന്ത് അവതരിപ്പിച്ച പ്രമേയം സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ ഒന്നിനെിരെ ആറു വോട്ടിനാണ് അംഗീകരിച്ചത്. വോട്ടെടുപ്പിന്റെ ഫലങ്ങള്‍ യു.എസിലെ ജാതി വിവേചന വിഷയത്തില്‍ ദൂരവ്യാപക ഫലങ്ങള്‍ ഉണ്ടാക്കിയേക്കാം.
കാനഡയില്‍ ടൊറന്റോ ഡിസ്ട്രിക്റ്റ് സ്‌കൂള്‍ ബോര്‍ഡ് (ടിഡിഎസ്ബി) മുമ്പാകെ ജാതി വിവേചന പ്രമേയം അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്. വിഷയം പഠിക്കാനും വിലയിരുത്താനുമായി ഒന്റാറിയോ മനുഷ്യാവകാശ കമ്മീഷന് കൈമാറിയിരിക്കയാണ്. സ്‌കൂള്‍ ബോര്‍ഡിന് വേണ്ടത്ര വൈദഗ്ധ്യം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിഷ്പക്ഷ നിരീക്ഷകനായ കമ്മീഷന് കൈമാറിയിരിക്കുന്നത്.
സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ നഗരത്തിലെ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നിരോധിക്കുന്ന ഓര്‍ഡിനന്‍സ് പാസാക്കിയതിനു ശേഷമാണ് ടിഡിഎസ്ബിയുടെ നീക്കം.
വിദ്യാഭ്യാസ അന്തരീക്ഷത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പല തരത്തില്‍ ജാതി വിവേചനത്തിനു സാധ്യതയുണ്ടെന്ന് സിയാറ്റില്‍ സിറ്റി കൗണ്‍സിലര്‍ സാവന്ത് ടിഡിഎസ്ബി അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ പോലും ജാതീയമായ അധിക്ഷേപങ്ങള്‍ക്ക് വിധേയരാകുന്നുണ്ട്. ടൊറന്റോയിലെ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതാണ് ജാതി വിവേചനത്തിനെതിരായ നിര്‍ദേശം.
അതേസമയം, ഒരു സമൂഹത്തെ ഒറ്റപ്പെടുത്തുന്നുവെന്ന ആക്ഷേപവുമായി കോളിഷന്‍ ഓഫ് ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കോഹ്്‌ന) ആരംഭിച്ച കാമ്പയിനാണ് കനേഡിയന്‍ ദക്ഷിണേഷ്യന്‍ പ്രവാസികളില്‍നിന്ന് കാര്യമായ എതിര്‍പ്പിന് കാരണമായിരിക്കുന്നത്.
നിര്‍ദേശത്തിനെതിരെ 21,000ലധികം ഇമെയിലുകള്‍ അയപ്പിക്കാനും ട്രസ്റ്റികള്‍ക്ക് ഫോണ്‍ ചെയ്ത് പ്രതിഷേധം അറിയിക്കാനും കാമ്പയിന്‍ സഹായകമായി. നോര്‍ത്ത് യോര്‍ക്കിലെ ടിഡിഎസ്ബി ഓഫീസില്‍ വോട്ടെടുപ്പ് നടക്കുമ്പോള്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
വിദ്വേഷ ഗ്രൂപ്പുകള്‍ ക്രൂരമായ ഹിന്ദുഫോബിക് പ്രചാരണങ്ങളാണ് നടത്തുന്നതെന്ന് കോഹ്‌ന പ്രസിഡന്റ് നികുഞ്ച് ത്രിവേദി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)