കൊളംബോ- സാമ്പത്തിക പ്രതിസന്ധിയില്‍ കടക്കെണിയിലായ ശ്രീലങ്കക്ക് ആവശ്യമായ സഹായം നല്‍കിയതിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഉള്‍പ്പെടെ മൂന്ന് വനിതാ നേതാക്കളെ ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെ പ്രകീര്‍ത്തിച്ചു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഇവിടെ ഒരു ചടങ്ങിനെ അഭിസംബോധന ചെയ്ത വിക്രമസിംഗെ, ശ്രീലങ്കക്ക് നിരവധി ആളുകള്‍ സഹായം നല്‍കിയിട്ടുണ്ടെങ്കിലും ഈ മൂന്ന് സ്ത്രീകള്‍ അതിന് ചുക്കാന്‍ പിടിച്ചതായി പറഞ്ഞു.
'കഴിഞ്ഞ വര്‍ഷത്തെ വനിതാ ദിനത്തിനും ഈ വര്‍ഷത്തിനും ഇടയില്‍, ഈ രാജ്യം ഒരു വലിയ പരിവര്‍ത്തനത്തിന് വിധേയമായി. നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ തകര്‍ച്ചയാണ് ഒന്നാമത്തെ കാരണം. ആ കാലഘട്ടത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ഞങ്ങള്‍ക്ക് സഹായത്തിനെത്തിയ മൂന്ന് സ്ത്രീകളെ കാണുന്നു- അദ്ദേഹം പറഞ്ഞു.
'ഞാന്‍ അവരെ പ്രത്യേകം പരാമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നു. അവരില്‍ പ്രധാനി ഇന്ത്യയുടെ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍. അവരാണ് പ്രധാനമന്ത്രിയുമായും മന്ത്രിസഭയുമായും ചര്‍ച്ച ചെയ്ത് ഏപ്രിലില്‍ ഞങ്ങള്‍ക്ക് മൂന്നു ബില്യണ്‍ ഡോളര്‍ വായ്പ നല്‍കാന്‍ തീരുമാനിച്ചത്. ഞങ്ങള്‍ പാപ്പരായി പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അത്.
'പാപ്പരായ രാജ്യത്തിന് പണം കടം കൊടുക്കുക എന്നത് വളരെ ധീരമായ തീരുമാനമായിരുന്നു. ഞങ്ങള്‍ അവരോട് ആദ്യം നന്ദി പറയണം. ആ മൂന്ന് ബില്യണ്‍ യു.എസ് ഡോളര്‍ ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ എത്ര മോശമാകുമായിരുന്നുവെന്ന് നിങ്ങളോട് പറയേണ്ടതില്ല,' വിക്രമസിംഗെ കൂട്ടിച്ചേര്‍ത്തു.
പ്രതിസന്ധിയിലായ ശ്രീലങ്കയെ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറാന്‍ സഹായിക്കുന്നതിന് 2022 ന്റെ തുടക്കത്തില്‍ നല്‍കിയ ഇന്ത്യന്‍ വായ്പ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം. അവശ്യവസ്തുക്കള്‍ക്കും ഇന്ധനത്തിനുമായി നീണ്ട ക്യൂവില്‍ ദ്വീപ് ദുരിതമനുഭവിക്കുമ്പോള്‍ 4 ബില്യണ്‍ ഡോളറിന്റെ ഇന്ത്യന്‍ സഹായം ശ്രീലങ്കയുടെ ജീവനാഡിയായി.
യു.എസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനെയും ഐ.എം.എഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവയെയും വിക്രമസിംഗെ പ്രശംസിച്ചു, 'ആ മൂന്ന് വനിതാ നേതാക്കള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞങ്ങള്‍ ഗുരുതരമായ പ്രശ്‌നത്തിലാകുമായിരുന്നു'.