കൊച്ചി / തിരുവനന്തപുരം - ആണുങ്ങളെയും പെണ്ണുങ്ങളെയും തിരിച്ചറിയാനാകാത്തവിധത്തിലുള്ള വേഷവിധാനവുമായി ബന്ധപ്പെട്ട സി.പി.എം നേതാവ് ഇ.പി ജയരാജന്റെ വിവാദ പരാമർശത്തെ പിന്തുണച്ച പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്ററെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് ഷാഫി പറമ്പിൽ എം.എൽ.എ. പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ? വാക്കിലും പ്രവർത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ എന്നാണ് ഷാഫിയുടെ പരിഹാസ ചോദ്യം. ജനകീയ പ്രതിരോധ ജാഥ പാലക്കാട്ട് എത്തിയപ്പോൾ ചുവന്ന മുണ്ടും വെളുത്ത ഷർട്ടും ധരിച്ചെത്തിയ പെൺകുട്ടികളുടെ കൂടെ നിന്നെടുത്ത ഗോവിന്ദൻ മാഷുടെ ഗ്രൂപ്പ് ഫോട്ടോ എഫ്.ബിയിൽ പങ്കുവെച്ചായായിരുന്നു ഷാഫി പറമ്പിലിന്റെ ചോദ്യം.
ഇന്ന് രാവിലെ കൊച്ചിയിൽ വച്ചാണ് എം.വി ഗോവിന്ദനോട് മാധ്യമപ്രവർത്തകർ ഇ.പി ജയരാജന്റെ വാക്കുകൾ ശ്രദ്ധയിൽ പെടുത്തിയത്. 'ജയരാജന്റേത് സാമാന്യ മര്യാദയുള്ള ചോദ്യമാണ്. അതിലെന്ത് പാർട്ടി നയം വന്നിരിക്കുന്നു. ആൺകുട്ടികളെ പോലെ മുടി, ആൺകുട്ടികളെ പോലെ ഡ്രസ്, ആൺകുട്ടികളെ പോലെതന്നെ എല്ലാ കാര്യങ്ങളും. അങ്ങനെ വരുമ്പോൾ എങ്ങനെയാണ് തിരിച്ചറിയുക എന്ന സ്വാഭാവിക ചോദ്യം ചോദിക്കുക മാത്രമാണ് ജയരാജൻ ചെയ്തത്. അല്ലാതെ, അങ്ങനെ നടക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടില്ല. പോലീസിന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ വരുന്നു എന്ന് ചൂണ്ടിക്കാണിച്ചതാണ്. അല്ലാതെ ജനങ്ങൾക്കെന്ത് ഡ്രസ് കോഡ് വന്നു. സ്ത്രീകൾ സ്ത്രീകളാണെന്ന് ബോധ്യപ്പെടുത്തുന്ന വസ്ത്രധാരണം വേണമെന്ന ബോധ്യം ഇപ്പോൾ നിലവിലുണ്ട്. അതാണ് പ്രശ്നം. ആ ബോധം മാറേണ്ടതുണ്ട്, അത് മാറുമ്പോൾ മാത്രമേ ശരിയാകൂ' എന്ന് ഗോവിന്ദൻ മാഷ് പ്രതികരിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
'പെൺകുട്ടികൾ പാന്റും ഷർട്ടും ധരിച്ച് ആൺകുട്ടികളെപ്പോലെ സമരത്തിനിറങ്ങുന്നുവെന്നായിരുന്നു' മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധങ്ങൾക്കെതിരെയായി ഇ.പി ജയരാജൻ പറഞ്ഞത്. പുരുഷന്മാരെപ്പോലെ മുടി വെട്ടി കരിങ്കൊടിയും കൊണ്ട് എന്തിന് നടക്കുന്നുവെന്നും ഇ.പി ചോദിച്ചിരുന്നു. ഇത് സി.പി.എം ഉയർത്തുന്ന ജെൻഡർ ന്യൂട്രാലിറ്റിക്ക് എതിരാണെന്ന് വിമർശം ഉയരുന്നതിനിടെയാണ് ഇ.പിയുടെ വാദങ്ങളെ തള്ളാതെ പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയത്.
ഷാഫിയുടെ കുറിപ്പ്
'ചെറുപ്പക്കാരി പെൺകുട്ടികൾ മുടി ക്രോപ്പ് ചെയ്ത് ഷർട്ടും ജീൻസുമിട്ട് മുഖ്യമന്ത്രിക്കെതിരെ സമരത്തിനിറങ്ങുന്നു' - ഇ പി ജയരാജൻ
'ആൺകുട്ടികളെ പോലെ പെൺകുട്ടികൾ നടന്നാൽ എങ്ങനെ തിരിച്ചറിയാനാകും?' - എം.വി ഗോവിന്ദൻ
പുരോഗമനവാദവും ജെൻഡർ ന്യൂട്രാലിറ്റിയും ചിത്രത്തിൽ മതിയോ? വാക്കിലും പ്രവൃത്തിയിലും വേണ്ടേ ഗോവിന്ദൻ മാഷേ?