താനെ- മഹാരാഷ്ട്രയിലെ താനെയില്‍ ലിവിങ് പങ്കാളിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയെ കോടതി വെറുതെവിട്ടു. മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഹരാഷ്ട്രയിലെ കോടതി 39 കാരനായ ജിം പരിശീലകനെ വെറുതെ വിട്ടത്.
ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം ഉള്‍പ്പെടെ പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതായി അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ.എസ് ഭഗവത് ചൂണ്ടിക്കാട്ടി.
ജിമ്മില്‍ ജോലി ചെയ്യുകയായിരുന്ന പ്രതിയും യുവതിയും ലിവിങ് പാര്‍ട്ണര്‍മാരാണെന്നും 2012 ജനുവരി മുതല്‍ 2013 വരെ ഇരുവരും ശാരീരിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. എന്നാല്‍, പ്രതി യുവതിയുടെ പേരില്‍ തുടങ്ങിയ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടില്‍ സ്വകാര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതോടെ ഇവരുടെ ബന്ധം വഷളായി. എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇരയെ കോടതിയില്‍ ഹാജരാക്കിയില്ല.
ഇരയായ യുവതി ന്യൂജേഴ്‌സിയിലേക്ക് സ്ഥലം മാറിപ്പോയെന്ന് കേസ് പരിഗണിക്കുന്നതിനിടെ കോടതിയെ അറിയിച്ചിരുന്നു. മൊഴി നല്‍കാന്‍ പരാതിക്കാരി തയ്യാറല്ലെന്നും കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇരയുടെ പിതാവ് കോടതിയെ അറിയിച്ചു. ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്ത് പ്രതിക്കെതിരായ കുറ്റങ്ങള്‍ തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്ന് കോടതി വ്യക്തമാക്കി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)