Sorry, you need to enable JavaScript to visit this website.

സി.എം.രവീന്ദ്രനെ ഇ.ഡി ചോദ്യം ചെയ്തത് ഒമ്പതര മണിക്കൂര്‍;കൈവീശി മടങ്ങി

കൊച്ചി- ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്തു. ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ടു സ്വപ്ന നടത്തിയ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് രവീന്ദ്രനെ ഒമ്പതര മണിക്കൂര്‍ ചോദ്യം ചെയ്തത്. ചൊവ്വാഴ്ച രാവിലെ പത്തരയയോടെ ഇ.ഡിയുടെ കൊച്ചി ഓഫീസിലെത്തിയ രവീന്ദ്രന്‍ രാത്രി എട്ടുമണിയോടെയാണ് മടങ്ങിയത്. രവീന്ദ്രന്‍ നല്‍കിയ മൊഴികള്‍ ഇ.ഡി വിശകലനം ചെയ്യും. പൊരുത്തക്കേടുണ്ടെങ്കില്‍ വീണ്ടും വിശദമായി ചോദ്യം ചെയ്യും. കള്ളപ്പണ ഇടപാടില്‍ രവീന്ദ്രന് പങ്കുള്ളതായി തെളിഞ്ഞാല്‍ അറസ്റ്റിനും സാധ്യതയുണ്ട്.സ്വപ്നയുമായുള്ളത് ഔദ്യോഗിക ബന്ധം മാത്രമാണെന്നും അടുത്തിടപഴകാന്‍ സ്വപ്ന മനപൂര്‍വം ശ്രമിച്ചതായി തോന്നിയിരുന്നെന്നുമാണ് രവീന്ദ്രന്റെ മൊഴി. പുറത്തുവന്നതായി കാണുന്ന ചാറ്റുകള്‍ താന്‍ അയച്ചവയല്ല. ഫോണില്‍ കൃത്രിമം നടത്തി വ്യാജമായി നിര്‍മിച്ചതാകാമെന്നും രവീന്ദ്രന്‍ വാദിച്ചു.
ഇവര്‍ തമ്മിലുള്ള വാട്സാപ് സംഭാഷണങ്ങള്‍ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. ഇത് അടിസ്ഥാനമാക്കി സ്വപ്നയുമായുള്ള ബന്ധത്തെക്കുറിച്ച് ഇ.ഡി കൂടുതല്‍ ചോദ്യം ചെയ്യാനിടയുണ്ട്. രവീന്ദ്രനെതിരേ സ്വപ്ന ഉന്നയിച്ച ആരോപണങ്ങളും ചോദ്യംചെയ്യലിനു വിഷയമാവും. പ്രളയബാധിതര്‍ക്കു വേണ്ടിയുള്ള വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതിക്കു ലഭിച്ച 19 കോടി രൂപയുടെ വിദേശസഹായത്തില്‍ 4.50 കോടി രൂപ കോഴയായും കമ്മിഷനായും തട്ടിയെടുത്തെന്നാണ് കേസ്. കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയ സ്വപ്ന സുരേഷ്, യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ എന്നിവരുമായുള്ള ബന്ധം, ഇടപാടുകള്‍ തുടങ്ങിയവ അറിയാനാണ് രവീന്ദ്രനെ ചോദ്യം ചെയ്തത്. രണ്ടാം തവണയാണ് ഇ.ഡി നോട്ടീസ് അയച്ചു രവീന്ദ്രനെ വിളിപ്പിച്ചത്. ആദ്യം നോട്ടീസ് അയച്ചെങ്കിലും ഹാജരായിരുന്നില്ല. രവീന്ദ്രനു നല്‍കിയ ആദ്യനോട്ടീസില്‍ ഫെബ്രുവരി 27ന് ഹാജരാകാനായിരുന്നു നിര്‍ദേശം. നിയമസഭാ സമ്മേളനമാണെന്നും ജോലിത്തിരക്കാണെന്നുമായിരുന്നു രവീന്ദ്രന്റെ മറുപടി. നേരത്തേ സ്വര്‍ണക്കടത്ത് കേസില്‍ മൂന്നുതവണ നോട്ടീസ് അയച്ചപ്പോള്‍ വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി രവീന്ദ്രന്‍ ചോദ്യംചെയ്യലിനു ഹാജരായിരുന്നില്ല. ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്നാണു പിന്നീട് ഹാജരായത്.
അതേസമയം ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലൈഫ് മിഷന് കത്ത് നല്‍കി. വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് നിര്‍ദ്ദേശം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News