ന്യൂദല്‍ഹി - മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെ ദല്‍ഹിയില്‍ സി.ബി.ഐ ചോദ്യം ചെയ്തു. റെയില്‍വേയില്‍ ജോലിക്ക് പകരം ഭൂമി വാങ്ങിയെന്ന അഴിമതിക്കേസിലാണ് ചോദ്യം ചെയ്തത്. ഇതേ കേസില്‍ മുന്‍ റെയില്‍വേ മന്ത്രികൂടിയായ ലാലുവിന്റെ ഭാര്യ റാബ്‌റി ദേവിയെ സി.ബി.ഐ കഴിഞ്ഞ ദിവസം പട്‌നയിലെ വസതിയില്‍ ചോദ്യം ചെയ്തിരുന്നു. കേസില്‍ ലാലുവിനും റാബ്‌റിക്കുമൊപ്പം മക്കളായ മിസയുടെയും ഹേമയുടെയും പേരുകള്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. റെയില്‍വേയില്‍ ജോലി നല്‍കുന്നതിന് പകരമായി കുറഞ്ഞ വിലയ്ക്ക് ആളുകളില്‍നിന്ന് ഭൂമി വാങ്ങിക്കൂട്ടി എന്നതാണ് കേസ്.
ലാലുവിന്റെ മകള്‍ മിസ ഭാരതിയുടെ ദല്‍ഹിയിലെ വസതിയിലാണ് സി.ബി.ഐ ഇന്നലെ ചോദ്യം ചെയ്തത്. രണ്ടു മണിക്കൂറോളം കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിട്ടാണ് സി.ബി.ഐ മടങ്ങിയത്. കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷം മകളുടെ വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ലാലു പ്രസാദ് യാദവ് അണുബാധ ഭയന്ന് സന്ദര്‍ശകരെപോലും കര്‍ശനമായി വിലക്കിയിരുന്നു. അതിനിടെയാണ് അഞ്ചംഗ സി.ബി.ഐ ഇന്നലെ മണിക്കൂറുകളോളം ചോദ്യം ചെയ്തത്. എന്നാല്‍, സുരക്ഷയും ജാഗ്രതയും മുന്‍നിര്‍ത്തി എല്ലാവിധ സുരക്ഷ പ്രോട്ടോക്കോളും പാലിച്ചാണ് ചോദ്യം ചെയ്തതെന്നാണ് സി.ബി.ഐ വിശദീകരണം. ചോദ്യം ചെയ്യല്‍ നടപടികള്‍ മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും സി.ബി.ഐ വ്യക്തമാക്കി. ലാലുവിന്റെ മകള്‍ മിസ ഭാരതിയും ചോദ്യം ചെയ്യുന്ന സമയത്ത് പിതാവിനൊപ്പം ഉണ്ടായിരുന്നു.
2022ല്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ലാലുവിനും കുടുംബത്തിനും പുറമേ പന്ത്രണ്ട് പേരെക്കെൂടി പ്രതി ചേര്‍ത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ലാലു പ്രസാദ് യാദവിന്റെ മുന്‍ ഒ.എസ്.ഡി ഭോല യാദവിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
ലാലുവിനെ സര്‍ക്കാര്‍ തുടര്‍ച്ചയായി വേട്ടയാടുകയാണെന്ന് മകള്‍ രോഹിണി ഇന്നലെ ആരോപിച്ചു. അച്ഛനെ വേദനിപ്പിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് രോഹിണി പറഞ്ഞു. ലാലു പ്രസാദ് യാദവ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരേയുള്ള കേസ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കെട്ടിച്ചമതാണെന്നാണ് ആര്‍.ജെ.ഡി ആരോപിക്കുന്നത്. ബി.ജെ.പിക്ക് ലാലുവിനെ ഭയമാണ്. കഴിഞ്ഞ മുപ്പത് വര്‍ഷമായി തങ്ങള്‍ ഇതുപോലുള്ള ആരോപണങ്ങള്‍ നേരിടുന്നതായി റാബ്‌റി ദേവി പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)