മലപ്പുറം- മുസ്‌ലിംലീഗ് പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് ബുധനാഴ്ച ചെന്നൈയില്‍ തുടക്കമാകും. സമ്മേളനത്തിനുള്ള ഒരുക്കം പൂര്‍ത്തിയായതായി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചെന്നൈയില്‍ മാര്‍ച്ച് എട്ട്, ഒമ്പത്, പത്ത് തീയതികളിലാണ് സമ്മേളനം. മാര്‍ച്ച് എട്ടിന് എ.ഐ.കെ.എം.സി.സി സംഘടിപ്പിക്കുന്ന സമൂഹ വിവാഹം നടക്കും. 9ന് കലൈവാണം അരങ്കത്തില്‍ അരങ്ങേറുന്ന ദേശീയ പ്രതിനിധി സമ്മേളനത്തോടെ ഒരു വര്‍ഷം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമാകും.
മതേതര ചേരിയുടെ ശാക്തീകരണവും രാഷ്ട്രീയ പാര്‍ട്ടികളും, രാഷ്ട്ര നിര്‍മാണത്തില്‍ യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും വനിതകളുടെയും തൊഴിലാളികളുടെയും കര്‍ഷകരുടെയും പങ്ക്, ഉത്തരവാദിത്ത രാഷ്ട്രീയത്തിന്റെയും അഭിമാനകരമായ നിലനില്‍പിന്റെയും ഏഴര പതിറ്റാണ്ട് തുടങ്ങിയ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യും.
മാര്‍ച്ച് 10ന് രാവിലെ രാജാജി ഹാളില്‍ മുസ്‌ലിം ലീഗ് രൂപീകരണത്തിന്റെ പുനരാവിഷ്‌കാര സമ്മേളനം നടക്കും. തമിഴ്, മലയാളം, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, കന്നട, തെലുങ്ക്, മറാഠി, ബംഗാളി തുടങ്ങിയ ഭാഷകളില്‍ പ്രതിനിധികള്‍ പ്രതിജ്ഞയെടുക്കും. തുടര്‍ന്ന് വൈകിട്ട് ഓള്‍ഡ് മഹാബലിപുരം റോഡിലെ വൈ.എം.സി.എ സ്‌റ്റേഡിയത്തില്‍ സജ്ജമാക്കിയ ഖാഇദെ മില്ലത്ത് നഗറില്‍ റാലി നടക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും. തമിഴ്‌നാട്ടിലെ വളണ്ടിയര്‍മാര്‍ അണിനിരക്കുന്ന ഗ്രീന്‍ഗാര്‍ഡ് പരേഡും ഇതോടനുബന്ധിച്ചുണ്ടാകും.
ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ സീനിയര്‍ വൈസ് പ്രസിഡന്റ് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി, ദേശീയ അസി. സെക്രട്ടറി സി.കെ സുബൈര്‍, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. വി.കെ ഫൈസല്‍ ബാബു, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് അഹമ്മദ് സാജു തുടങ്ങിയവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)