Sorry, you need to enable JavaScript to visit this website.

ഇവരാണ് നമ്മുടെ വനിതാ രത്‌നങ്ങള്‍, സര്‍ക്കാര്‍ പുരസ്‌കാരം നല്‍കി ആദരിക്കും

തിരുവനന്തപുരം - 2022ലെ സംസ്ഥാന സര്‍ക്കാരിന്റെ വനിതാരത്‌ന പുരസ്‌കാരങ്ങള്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രഖ്യാപിച്ചു. കായിക മേഖലയില്‍ കെ.സി ലേഖ, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിതാ വിഭാഗത്തില്‍ നിലമ്പൂര്‍ ആയിഷ, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണത്തില്‍ ലക്ഷ്മി എന്‍. മേനോന്‍, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിതയായി കോട്ടയം ഗവ. മെഡിക്കല്‍ കോളേജ് സര്‍ജിക്കല്‍ ഗാസ്‌ട്രോഎന്‍ട്രോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ആര്‍.എസ്. സിന്ധു എന്നിവരെ തെരഞ്ഞെടുത്തു. മാര്‍ച്ച് 8 ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം നിശാഗന്ധി ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വനിതാദിനാഘോഷം സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ഇന്ത്യന്‍ വനിത അമച്വര്‍ ബോക്‌സിംഗ് 75 കിലോ വിഭാഗത്തെ പ്രതിനിധീകരിച്ച് 2006ലെ വനിതാ ലോക അമച്വര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ് തിരുവനന്തപുരം സ്വദേശിയായ കെ.സി. ലേഖ. കൊച്ചിയില്‍ 'പ്യുവര്‍ ലിവിംഗ്' എന്ന സ്ഥാപനം നടത്തുന്ന ലക്ഷ്മി എന്‍. മേനോന്‍ അമ്മൂമ്മത്തിരി/വിക്‌സ്ഡം എന്ന ആശയം ആവിഷ്‌കരിക്കുകയും വൃദ്ധ സദനങ്ങളിലും അനാഥാലയങ്ങളിലും താമസിക്കുന്ന സ്ത്രീകള്‍ക്ക് ഉപജീവന മാര്‍ഗം നേടിക്കൊടുക്കുകയും ചെയ്തു. സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയും ശാക്തീകരണവും ഉറപ്പാക്കുന്നതിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് അഭിനയ-കലാരംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയ നടിയാണ് നിലമ്പൂര്‍ ആയിഷ.
കേരളത്തില്‍ സര്‍ക്കാര്‍ മേഖലയില്‍ വിജയകരമായി ആദ്യ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടറാണ് ആര്‍.എസ്. സിന്ധു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 3 കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രകിയകള്‍ യാഥാര്‍ഥ്യമാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News