ഇസ്ലാമാബാദ്- അയല്‍വാസിയുടെ വീട്ടിലേക്ക് മതില്‍ ചാടിക്കടന്നാണ് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) ചെയര്‍മാനുമായ ഇമ്രാന്‍ ഖാന്‍ അറസ്റ്റ് ഒഴിവാക്കിയതെന്ന് പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി റാണ സനാഉല്ല പറഞ്ഞു.
ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാന്‍ പോയ സംഘം ഒരുപാട് നാടകങ്ങള്‍ നേരിട്ടുവെന്നും അദ്ദേഹം തന്റെ അയല്‍വാസിയുടെ വീട്ടില്‍ ഒളിക്കാന്‍ ചാടിയെന്നും ഇസ്ലാമാബാദില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. പിന്നീട് എവിടെ നിന്നോ ഉയര്‍ന്ന് വന്ന് അദ്ദേഹം ഒരു വലിയ പ്രസംഗം നടത്തുകായിരുന്നു- മന്ത്രിയെ ഉദ്ധരിച്ച് ദി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
പിടിഐ തലവനെ അറസ്റ്റ് ചെയ്യാന്‍ ഇസ്ലാമാബാദ് പോലീസ് സംഘം ലാഹോറില്‍ എത്തിയെങ്കിലും കോടതി സമന്‍സ് ഇല്ലായിരുന്നു. വീട്ടിലില്ല എന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറഞ്ഞതിനാല്‍ നിയമപാലകര്‍ അറസ്റ്റില്ലാതെ മടങ്ങുകയായിരുന്നു.
അറസ്റ്റ് വാറണ്ട് സസ്‌പെന്‍ഡ് ചെയ്യണമെന്ന ഇമ്രാന്റെ ഹരജി കോടതി തള്ളിയിരുന്നു.
തോഷഖാന കേസില്‍ തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിന് മുന്‍ പ്രധാനമന്ത്രിക്കെതിരെ ഫെബ്രുവരി 28നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സഫര്‍ ഇഖ്ബാല്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തോഷഖാന സമ്മാനങ്ങളുടെ കാര്യത്തില്‍ ഖാന്‍ തന്റെ അധികാരം ദുരുപയോഗം ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി ആരോപിച്ചു. ഇമ്രാന്‍ ഖാന് കോടതിയില്‍ മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.