Sorry, you need to enable JavaScript to visit this website.

പാകിസ്താനിൽ ഇംറാൻ ഖാന്റെ വാർത്താ സംപ്രേക്ഷണത്തിന് വിലക്ക്; ലംഘിച്ചാൽ ലൈസൻസ് റദ്ദാക്കും

- പ്രസംഗം, വാർത്താസമ്മേളനം, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം വിലക്ക് ബാധകമെന്ന് പാക് ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി

ഇസ്‌ലാമാബാദ് - കോടതിയലക്ഷ്യക്കേസിൽ അറസ്റ്റ് വാറണ്ടുള്ള പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി നേതാവുമായ ഇംറാൻ ഖാന്റെ വാർത്തകൾ സംപ്രേക്ഷണം ചെയ്യുന്നതിന് പാകിസ്താനിൽ വിലക്ക്. ഇംറാൻ ഖാന്റെ പ്രസംഗം, വാർത്താസമ്മേളനം ഉൾപ്പെടെയുള്ള കാര്യങ്ങൾ സംപ്രേക്ഷണം ചെയ്യുന്നതിനാണ് നിരോധം ഏർപ്പെടുത്തിയതെന്ന് പാകിസ്താൻ ഇലക്ട്രോണിക് മീഡിയ റെഗുലേറ്ററി അഥോറിറ്റി (പി.ഇ.എം.ആർ.എ) അറിയിച്ചു. 
 ഇംറാന്റെ പ്രവർത്തനങ്ങൾ രാജ്യത്തെ ക്രമസമാധാന പാലനത്തിനും മറ്റും തടസ്സമുണ്ടാക്കുന്നതും പൊതുസമാധാനം തകർക്കാൻ ഇടയാക്കുന്നതുമാണ്. അതിനാൽ, അദ്ദേഹത്തിന്റെ റെക്കോർഡ് ചെയ്തതോ തത്സമയ വാർത്താസമ്മേളനമോ പ്രസംഗമോ സംപ്രേക്ഷണം ചെയ്യരുതെന്നാണ് എല്ലാ സാറ്റലൈറ്റ് ചാനലുകളോടുമായി അഥോറിറ്റി ആവശ്യപ്പെട്ടത്. ഉത്തരവ് പാലിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്നും അറിയിച്ചിട്ടുണ്ട്. സർക്കാർ സ്ഥാപനങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളും വിദ്വേഷ പ്രസംഗങ്ങളും ആരോപിച്ചാണ് നടപടിയെന്നും പറയുന്നു.
 തൊഷാഖാന (സമ്മാന ശേഖരം) കേസിൽ മൂന്നുതവണ സമൻസ് അയച്ചിട്ടും കോടതിയിൽ ഹാജറാകാത്തതിനെ തുടർന്ന് ഇന്നലെ (ഞായറാഴ്ച) വൈകുന്നേരം കോടതി സമൻസുമായി വൻ പോലീസ് സന്നാഹം ഇംറാൻ ഖാന്റെ ലാഹോറിലെ സമാൻ പാർക്കിലെ വസതിയിൽ എത്തിയെങ്കിലും അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. ഇംറാൻ സ്ഥലത്തില്ലെന്ന വിവരമാണ് വീട് വലയം ചെയ്ത പാർട്ടി പ്രവർത്തകർ പറഞ്ഞത്. എന്നാൽ, പിന്നീട് വീടിന് മുന്നിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകരെ ഇംറാൻ ഖാൻ അഭിസംബോധന ചെയ്യുകയുമുണ്ടായി. 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 തന്നെ ഇല്ലാതാക്കാനാണ് ഷഹബാസ് ഷെരീഫ് സർക്കാറിന്റെ നീക്കമെന്നും ആർക്കു മുന്നിലും തല കുനിക്കില്ലെന്നും പിന്തുണയ്ക്ക് നന്ദി അറിയിക്കാനാണ് നിങ്ങളെ വിളിച്ചുകൂട്ടിയതെന്നും അദ്ദേഹം പറയുകയുണ്ടായി. ഒരു രാജ്യത്തിന് അനീതിക്കെതിരെ നിലകൊള്ളാൻ കഴിയാതെ വരുമ്പോൾ അത് അടിമയാകുമെന്ന് ഇംറാൻ കുറ്റപ്പെടുത്തി. അധികാരത്തിലുള്ളവർ അവരുടെ പാതയിൽ നിന്ന് തന്നെ മാറ്റണമെന്നാണ് ആഗ്രഹിക്കുന്നത്. അവർ കൊല്ലാൻ ശ്രമിച്ചു. ഹാജരാകാൻ നിർദേശിച്ച കോടതികളിലൊന്നും സുരക്ഷയില്ല. തൊഷാഖാന കേസിൽ പൊതുവാദം കേൾക്കണമെന്ന് അധികൃതരോട് അഭ്യർത്ഥിക്കുന്നുവെന്നും ഇംറാൻ ഖാൻ പറഞ്ഞു.
 ഒന്നര വർഷം മുമ്പാണ് ഇംറാനെതിരെ തൊഷാഖാന കേസെടുത്തത്. തൊഷാഖാന എന്നറിയപ്പെടുന്ന ട്രഷറിയിൽ സൂക്ഷിച്ച വിലകൂടിയ സമ്മാനങ്ങൾ വിറ്റതിലൂടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
ഔദ്യോഗിക പദവിയിലിരിക്കുമ്പോൾ ലഭിക്കുന്ന സമ്മാനങ്ങൾ രാജ്യത്തെ ഔദ്യോഗിക സമ്മാന ശേഖരത്തിലേക്ക് (തൊഷാഖാന) നൽകണമെന്നാണ് പാക് നിയമം. സമ്മാനങ്ങളോ, അതിന്റെ വിപണി വിലയുടെ പകുതി തുകയോ ഖജനാവിലേക്ക് കൈമാറിയില്ലെങ്കിൽ നിയമവിരുദ്ധ പ്രവർത്തനമായി കണ്ട് നടപടി സ്വീകരിക്കാൻ ഈ നിയമം അനുശാസിക്കുന്നു. പ്രധാനമന്ത്രിയായിരിക്കെ ഇപ്രകാരം ലഭിച്ച സമ്മാനങ്ങൾ ഇംറാൻ മറിച്ചുവിറ്റ് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് പാക് അന്വേഷണ ഏജൻസിയായ ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ കണ്ടെത്തൽ. ഈ കേസിൽ മൂന്നു തവണ സമൻസ് അയച്ചിട്ടും ഇംറാൻ ഖാൻ കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്നാണ് ഫെബ്രുവരി 28ന് ലാഹോർ അഡീഷണൽ സെഷൻസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. 
 കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് ലാഹോറിൽ വച്ച് ഇന്നലെ ഇംറാൻ ഖാനെ അറസ്റ്റ് ചെയ്യാനായിരുന്നു പോലീസ് പദ്ധതി. എന്നാൽ ഇംറാൻ ഇത് വൈകാരികമായി മുതലെടുത്ത് അണികളെ തെരുവിലറക്കി ദുരുപയോഗം ചെയ്‌തേക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് തൽക്കാലം വൈകിപ്പിച്ച് തന്ത്രപൂർവം പിടികൂടാമെന്നാണ് പോലീസ് കരുതുന്നത്.

Latest News