കോട്ടയം - ആശുപത്രി വാസം കഴിഞ്ഞ് സിനിമാ തിരക്കിലേക്ക് മടങ്ങിയെന്ന് നടൻ കോട്ടയം നസീർ. ചികിത്സിച്ച ഡോക്ടർമാർക്കും നഴ്സുമാർക്കും പ്രാർത്ഥിച്ചവർക്കും സുഖവിവരങ്ങൾ അന്വേഷിച്ചവർക്കും നന്ദി അറിയിച്ച് നടൻ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ വിവരം അറിയിച്ചത്. ഫെബ്രുവരി 27-നാണ് നെഞ്ചുവേദനയെ തുടർന്ന് നടനെ കോട്ടയത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആൻജിയോഗ്രാം പരിശോധനയ്ക്ക് പിന്നാലെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ശേഷം ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ഇപ്പോൾ എല്ലാം ഭേദമായി ഇന്ന് മുതൽ പുതിയ സിനിമയുടെ ഭാഗമായെന്നാണ് അദ്ദേഹത്തിന്റെ ട്വീറ്റ്.
'ആശുപത്രിവാസം കഴിഞ്ഞ് ഇന്ന് പുതിയ സിനിമയിൽ ജോയിൻ ചെയ്തു. എന്നെ ചികിത്സിച്ച കാരിതാസ് ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും പരിചരിച്ച നഴ്സുമാർക്കും എന്റെ അസുഖ വിവരം ഫോണിൽ വിളിച്ച് അന്വേഷിക്കുകയും വന്നു കാണുകയും എനിക്ക് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്ത എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി' എന്നാണ് ഇന്‍സ്റ്റഗ്രാമിൽ കുറിച്ചത്.