രത്‌നഗിരി- സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗത്തിലൂടെയാണ് ഇന്ത്യ സ്വാതന്ത്ര്യം നേടിയതെന്നും ഗോമൂത്രം തളിച്ചല്ലെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രത്‌നഗിരിയിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഗോമൂത്രം തളിച്ചാണോ നമ്മുടെ രാജ്യം സ്വാതന്ത്ര്യം നേടിയത്? സ്വാതന്ത്ര്യ സമര സേനാനികളാണ് നമുക്ക് സ്വാതന്ത്ര്യം നേടിത്തന്നത്. അവർ ജീവൻ ബലിയർപ്പിച്ച ശേഷമാണ് നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്- അദ്ദേഹം പറഞ്ഞു.
'ശിവസേന'യുടെ പേരും ചിഹ്നമായ വില്ലും അമ്പും ഷിൻഡെ വിഭാഗത്തിനു നൽകാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തെ അദ്ദേഹം നിശിതമായി വിമർശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ ശിവസേനയുടെ പേരും ചിഹ്നവും എടുത്തുകളഞ്ഞു, പക്ഷേ പാർട്ടിയെ ഞങ്ങളിൽ നിന്ന് എടുത്തുമാറ്റാൻ കഴിയില്ല. അവർക്ക് തിമിരം ഇല്ലെങ്കിൽ ആരാണ് യഥാർത്ഥ ശിവസേനയെന്ന് കാണാം. ശിവസേന സ്ഥാപിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിതാവല്ല, അത് സ്ഥാപിച്ചത് എന്റെ പിതാവാണ്- അദ്ദേഹം പറഞ്ഞു.
വില്ലും അമ്പും ചിഹ്നം ഷിൻഡെ വിഭാഗം മോഷ്ടിച്ചിരിക്കയാണ്. നമ്മുടെ അമ്പും വില്ലും മോഷ്ടിച്ച് വോട്ട് തേടിയെത്തുന്നവർ കള്ളന്മാരാണ്- അദ്ദേഹം പറഞ്ഞു.
സുഭാഷ് ചന്ദ്രബോസ്, സർദാർ പട്ടേൽ, ബാലാ സാഹിബ് താക്കറെ തുടങ്ങിയ വ്യക്തികളെ മോഷ്ടിച്ചെന്ന് ആരോപിച്ച് ഉദ്ധവ് താക്കറെ ബി.ജെ.പിക്കെതിരേയും ആഞ്ഞടിച്ചു. സർദാർ പട്ടേൽ ആർഎസ്‌എസിനെ നിരോധിച്ചു, പക്ഷേ അവർ സർദാർ പട്ടേലിന്റെ പേര് മോഷ്ടിച്ചു. അതുപോലെ, അവർ സുഭാഷ് ചന്ദ്രബോസിനെ മോഷ്ടിച്ചു, ബാലാ സാഹെബ് താക്കറെയോടും അത് ചെയ്തു. പ്രധാനമന്ത്രി മോഡിയുടെ പേരിൽ വോട്ട് ചോദിക്കാൻ ഞാൻ അവരെ വെല്ലുവിളിക്കുകയാണ്. ശിവസേനയുടെ പേരും ബാലാ സാഹിബിന്റെ ഫോട്ടോയും ഇല്ലാതെ വോട്ട് പിടിക്കണം- അദ്ദേഹം പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)