ന്യൂദല്‍ഹി-എസ്‌കോര്‍ട്ട് സര്‍വീസ് വാഗ്ദാനം ചെയ്ത് കാറിൽ കയറിയ യുവതി സ്വര്‍ണാഭരണവുമായി കടന്നുകളഞ്ഞതായി യുവാവിന്റെ പരാതി. ദല്‍ഹി പട്ടേല്‍നഗര്‍ സ്വദേശിയും സ്വകാര്യ കമ്പനി ജീവനക്കാരനുമായ യുവാവാണ് ഗുരുഗ്രാം പോലീസില്‍ പരാതി നല്‍കിയത്.
സുഹൃത്തിനെ കാറില്‍ മെട്രോ സ്‌റ്റേഷനില്‍ കൊണ്ടുവിടാന്‍ പോയി മടങ്ങുമ്പോഴാണ് ഒരു യുവതി വാഹനത്തിനടുത്തേക്ക് വന്നത്. എസ്‌കോര്‍ട്ട് സര്‍വീസ് വാഗ്ദാനം ചെയ്ത യുവതി വേണ്ടെന്ന് പറഞ്ഞിട്ടും ബലംപ്രയോഗിച്ച് കാറില്‍ കയറിയെന്ന് യുവാവ് പറയുന്നു. നൂറുമീറ്റര്‍ അകലെ എത്തിയപ്പോൾ തന്നെ യുവതിയെ ഇറക്കിവിട്ടു. ഇതിനുപിന്നാലെയാണ് കൈയിലുണ്ടായിരുന്ന സ്വര്‍ണ ബ്രേസ് ലെറ്റ് നഷ്ടമായത് തിരിച്ചറിഞ്ഞതെന്നും ആഭരണത്തിന് ഒന്നേകാല്‍ലക്ഷം രൂപവില വരുമെന്നും യുവാവ് പരാതിയില്‍ പറയുന്നു.
പരാതിയിൽ സെക്ടര്‍ 40 പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളുടെ സഹായത്തോടെ യുവതിയെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.