കോഴിക്കോട് - കോൺഗ്രസ് നേതാവും കോഴിക്കോട് എം.പിയുമായ എം.കെ രാഘവന്റെ വിവാദ പ്രസ്താവനയിൽ പ്രതികരിച്ച് കെ.പി.സി.സി മുൻ പ്രസിഡന്റ് കെ മുരളീധരൻ എം.പി. രാഘവൻ പറഞ്ഞത് പാർട്ടി പ്രവർത്തകരുടെ വികാരമാണെന്നും അതിൽ തെറ്റില്ലെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. അച്ചടക്കലംഘനം നടന്നിട്ടില്ല. ഇന്നലത്തെ പരിപാടിയും പാർട്ടി വേദിയാണ്. വിവാദമുണ്ടാകാതിരിക്കാനാണ് ഞാൻ പ്രതികരിക്കാത്തത്. ഡി.സി.സി പ്രസിഡന്റ് റിപ്പോർട്ടുമായി ബന്ധപ്പെട്ടു നടത്തിയ പരസ്യ പ്രതികരണം തെറ്റാണ്. കെ.പി.സി.സി പ്രസിഡന്റ് റിപ്പോർട്ട് ചോദിച്ചതിൽ തെറ്റില്ല. പക്ഷേ, ഡി.സി.സി പ്രസിഡന്റ് അത് പരസ്യപ്പെടുത്തരുതായിരുന്നുവെന്നും മുരളീധരൻ ഓർമിപ്പിച്ചു.
ചില നോമിനേഷനുകളെ കുറിച്ചൊക്കെ പാർട്ടിക്കുള്ളിൽ തർക്കമുണ്ടായിട്ടുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങളെ കുറിച്ചാണ് രാഘവൻ പറഞ്ഞത്. മിണ്ടാതിരുന്നാൽ പാർട്ടിയിൽ ഗ്രേസ് മാർക്ക് കൂടും. കെ.പി.സി.സിയിൽ വേണ്ടത്ര ചർച്ച നടക്കുന്നില്ല. രാഷ്ട്രീയകാര്യ സമിതി ഉടൻ വിളിച്ചുചേർക്കണമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണമെന്നതാണ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലെ അവസ്ഥയെന്നായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായ വി.എം സുധീരന് അഡ്വ. പി ശങ്കരന്റെ പേരിലുള്ള അവാർഡ് സമർപ്പണ ചടങ്ങിൽ എം.കെ. രാഘവൻ എം.പി പറഞ്ഞത്. രാജാവ് നഗ്‌നനാണെന്നു പറയാൻ ആരും തയ്യാറല്ല. പറഞ്ഞാൽ സ്ഥാനമാനങ്ങൾ നഷ്ടപ്പെടും. ഉപയോഗിച്ചു വലിച്ചെറിയുക എന്നതാണ് ഇന്ന് കോൺഗ്രസിലെ രീതി. വിയോജിപ്പ് പറ്റില്ല, വിമർശം പറ്റില്ല. വാഴ്ത്തലും പുകഴ്ത്തലുമായി പാർട്ടി മാറുന്നുണ്ടോ എന്നു സംശയിക്കുന്നുവെന്നും രാഘവൻ പറഞ്ഞിരുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
സംഭവത്തിൽ എം.കെ രാഘവനെ തള്ളി കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ പ്രവീൺകുമാർ പ്രതികരിച്ചിരുന്നു. എന്നാൽ യൂത്ത് കോൺഗ്രസിലും ഡി.ഐ.സിയിലും പിന്നീട് കോൺഗ്രസിലുമെല്ലാം കെ മുരളീധരന്റെ നോമിനിയായും വലം കൈയ്യായും എപ്പോഴും നിലകൊണ്ട ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺകുമാറിനെ തള്ളി മുരളീധരൻ രംഗത്തുവന്നത് ഏറെ ശ്രദ്ധേയമാണ്. സംഭവത്തിൽ കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന് ഡി.സി.സി പ്രസിഡന്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.