Sorry, you need to enable JavaScript to visit this website.

തിരുപ്പൂരില്‍ പ്രചരിക്കുന്നത് വ്യാജ വീഡിയോകളെന്ന് പോലീസ്

ചെന്നൈ- തമിഴ്‌നാട്ടില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കുന്നതായി പ്രചരിക്കുന്ന വീഡിയോകള്‍ വ്യാജമാണെന്ന് അധികൃതര്‍ അറിയിച്ചു. അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പോലീസും തിരുപ്പൂര്‍ ജില്ലാ അധികൃതരും മുന്നറിയിപ്പ് നല്‍കി.
പ്രദേശവാസികളുടെ ആക്രമണത്തെ തുടര്‍ന്ന് തിരുപ്പൂരില്‍നിന്ന് ഉത്തരേന്ത്യക്കാരായ തൊഴിലാളികള്‍ നാടുകളിലേക്ക് മടങ്ങുന്നുവെന്ന  നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്.
ബിഹാര്‍, ഛത്തീസ്ഗഢ്, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ള ഒന്നര ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ടെക്‌സ്‌റ്റൈല്‍ ജില്ലയാണ് തിരുപ്പൂര്‍.
പ്രചാരണം നടത്തുന്നവര്‍ തിരുപ്പൂര്‍ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും സംസ്ഥാനത്ത് മറ്റൊരു സ്ഥലത്തും ഇത്തരം റിപ്പോര്‍ട്ടുകളില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അഭിഷേക് ഗുപ്ത പറഞ്ഞു. അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും ഇത്തരം കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ ഇവിടെ യാതൊരു പ്രശ്‌നവുമില്ലാതെയാണ് ജോലി ചെയ്യുന്നതെന്നും ഡി.സി.പി കൂട്ടിച്ചേര്‍ത്തു. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തതായും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ഐ.പി അഡ്രസ്സുകള്‍ പരിശോധിച്ച് കണ്ടെത്തുമെന്നും പോലീസ് പറഞ്ഞു. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കൈക്കൊള്ളാറുണ്ടെന്നും ജില്ലാ കലക് ടര്‍ പറഞ്ഞു.
വീഡിയോകള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു.

 

Latest News