ന്യൂദല്‍ഹി- തനിക്കെതിരായ കേസുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും എട്ടുവര്‍ഷക്കാലം ആത്മാര്‍ത്ഥതയോടെയും സത്യസന്ധതയോടെയുമാണ് പ്രവര്‍ത്തിച്ചതെന്നും രാജിക്കത്തില്‍ ദല്‍ഹി ഉപമുഖ്യമന്ത്രി മനനീഷ് സിസോദിയ.
അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയത്തെ ഭയക്കുന്ന ഭീരുക്കള്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗം മാത്രമാണിതെന്ന് മനീഷ് സിസോദിയ പറഞ്ഞു. അവരുടെ യഥാര്‍ത്ഥ ലക്ഷ്യം താനല്ല അരവിന്ദ് കെജ്‌രിവാളാണെന്നും മുഖ്യമന്ത്രിക്ക് നല്‍കിയ രാജിക്കത്തില്‍ സിസോദിയ പറഞ്ഞു.
എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് എനിക്കും ദൈവത്തിനും അറിയാം. കെജ്‌രിവാളിന്റെ രാഷ്ട്രീയത്തെ ഭയക്കുന്ന ഭീരുക്കളും ദുര്‍ബലരുമായ ആളുകളുടെ ഗൂഢാലോചന മാത്രമാണിത്. ഞാനല്ല അവരുടെ ലക്ഷ്യം. നിങ്ങളാണ്. കാരണം ഇന്ന് ദല്‍ഹി മാത്രമല്ല, രാജ്യത്തെ മുഴുവന്‍ ജനങ്ങളും നിങ്ങളെ കാണുന്നത് അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിവുന്ന നേതാവായാണ്- മനീഷ് സിസോദിയ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും പണപ്പെരുപ്പവും അഴിമതിയുമുള്‍പ്പെടെയുളള പ്രശ്‌നങ്ങള്‍ നേരിടുന്ന രാജ്യത്തുടനീളമുളള കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് അരവിന്ദ് കെജ്‌രിവാളെന്നും അദ്ദേഹം കത്തില്‍ പറഞ്ഞു.
വ്യത്യസ്ത കേസുകളില്‍ അറസ്റ്റിലായ മനീഷ് സിസോദിയയും സത്യേന്ദര്‍ ജെയിനും ഇന്നലെയാണ് ഗവര്‍ണര്‍ക്ക് രാജിക്കത്ത് കൈമാറിയത്. താന്‍ മന്ത്രിസ്ഥാനം രാജിവെക്കുകയാണെന്നും ദല്‍ഹിയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയതിന് നന്ദി എന്നുമാണ് സത്യേന്ദര്‍ ജെയിന്‍ രാജിക്കത്തില്‍ പറഞ്ഞത്. ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയതുമുതല്‍ പ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്തവരാണ് സിസോദിയയും സത്യേന്ദര്‍ ജെയിനും. അഴിമതി ആരോപണം നേരിടുന്ന നേതാക്കള്‍ അധികാരത്തില്‍ തുടരുന്നത് പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് പ്രതികൂലമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. ഇതുവഴി മന്ത്രിസഭയുടെ പ്രതിഛായ മെച്ചപ്പെടുത്താമെന്നും ആംആദ്മി പാര്‍ട്ടി കണക്കുകൂട്ടുന്നു.